വായന മുഖ്യം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങൾ പുതിയ തലങ്ങളിലേക്ക്. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളുടെ വിയോജിപ്പൊന്നും കാര്യമാക്കാതെ മുഖ്യമന്ത്രി പദവിക്ക് നേതാക്കളും അണികളും കിണഞ്ഞുശ്രമിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ തുടങ്ങിയ അവകാശവാദങ്ങൾ പുതിയ തലങ്ങളിലേക്ക് മാറുന്നു.
ഫലപ്രഖ്യാപനത്തിന് മുമ്പ് ‘ഇമേജ്’ കൂട്ടാനുള്ള പലതരം ശ്രമങ്ങളും തന്ത്രങ്ങളും നേതാക്കൾ തുടരുകയാണ്. പൊതുജനമധ്യത്തിൽ തങ്ങൾ ആരാണെന്ന് ‘തെളിയിച്ച്’ പ്രതിഛായ വർധിപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥികളായി അണികൾ ഉയർത്തിക്കാട്ടുന്ന കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ ശ്രമമെന്ന് വ്യക്തം. പ്രതിഛായ വർധിപ്പിക്കാൻ വിഡിയോകളും ഡോക്യുമെന്ററിയും പുസ്തകങ്ങളുമായി നിറയാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.
രമേശ് ചെന്നിത്തലയെ വാഴ്ത്തി ‘ജനനായകൻ’ എന്ന വിഡിയോ പുറത്തുവന്നു. ചെന്നിത്തലയുടെ ജീവചരിത്രം വ്യക്തമാക്കുന്ന നിലയിൽ പ്രസംഗങ്ങളും വാർത്തസമ്മേളനങ്ങളുമൊക്കെ ഉൾപ്പെടുത്തിയ വിഡിയോയാണ് പുറത്തിറക്കിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കുറിച്ച ഡോക്യുമെന്ററി ഷൂട്ട് അവസാന ഘട്ടത്തിലാണ്. വേണുഗോപാലിന്റെ ജീവചരിത്രവും ഉടന്‍ പുറത്തുവരുമെന്നാണ് വിവരം. ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി ‘നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ’ എന്ന തന്റെ പുസ്തകം സമർപ്പിച്ച ഫേസ്ബുക്ക് പോസ്റ്റും വേണുഗോപാൽ പങ്കുവെച്ചു. അദ്ദേഹത്തിന്റെ നിയമസഭ, രാജ്യസഭ, ലോക്സഭ പ്രസംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണിത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അനുയായികളും വിട്ടുകൊടുക്കാൻ തയാറല്ലെന്ന നിലക്കാണ് കാര്യങ്ങൾ. സതീശന്റെ തെരെഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകം അണിയറയിൽ ഒരുങ്ങുകയാണ്. പുസ്തകം വായിക്കുന്ന ചിത്രം സഹിതം സതീശൻ ഫേസ്ബുക്കിലൂടെ ലോക പുസ്തകദിന ആശംസകളും നേർന്നിട്ടുണ്ട്. ഇതിനുപുറമെ ഓരോ നേതാക്കളെയും ഉയർത്തിക്കാട്ടുന്ന എ.ഐ വിഡിയോകളും വാർത്തസമ്മേളനങ്ങളും റീൽസുകളുമെല്ലാം പ്രചരിക്കുകയാണ്. എന്തായാലും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രിയാകാൻ ആരാണ് ‘യോഗ്യൻ’ എന്ന് ഉറപ്പിക്കാനുള്ള മത്സരമാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.