ആലപ്പുഴ: ഈ മാസം 20ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന്, 'ഒരുകാരണവശാലും പങ്കെടുക്കില്ല, ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും താനില്ല' എന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം.
സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്നും അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
നേരത്തെ, അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ‘ഞാനൊരു മന്ത്രിയാണെ’ന്നായിരുന്നു സുരേഷ് ഗോപി നൽകിയ മറുപടി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയായിരുന്നു ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്.
അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയാണെന്നാണ് സംഘപരിവാര്‍ നിലപാട്. അതിനാൽതന്നെ സുരേഷ് ഗോപി പങ്കെടുക്കരുതെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വവും.
അതേസമയം, ആചാര അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസന പ്രവര്‍ത്തനമാണ് അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യമെങ്കിൽ സഹകരിക്കാമെന്നാണ് എൻ.എസ്.എസും വ്യക്തമാക്കി.
ആഗോള അയ്യപ്പസംഗമം ഒരു അത്ഭുതമായി മാറുമെന്ന് എസ്.എന്‍ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ളവരെ സംഘടിപ്പിച്ച് ഒരു സംഗമം നടത്തുക എന്നത് വലിയൊരു അത്ഭുതമാണ്. ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്താന്‍ പോകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് കെ.പി.എം.എസിന്‍റെയും പിന്തുണയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.