'നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, എന്നെ കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോഴുള്ളത്'; ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

കൊച്ചി: വിദ്യാഭ്യാസ മന്ത്രിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടുക്കിയിൽ ഒരു കലുങ്ക് സംവാദത്തിനിടെയാണ് പരാമർശം.

വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. 'നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ച് മാറട്ടെ'-സുരേഷ് ഗോപി പറഞ്ഞു.

നിരന്തരമായി തന്നെ വിമർശിക്കുന്നയാളാണ് നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രിയെന്നും അങ്ങനെയുള്ളവരിൽ നിന്നും ഈ ആവശ്യങ്ങൾക്ക് മറുപടി പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്നും വോട്ട് വാങ്ങി ജയിച്ച് ജനങ്ങളെ വഞ്ചിക്കുന്നവർക്ക് മാതൃകയായിരിക്കും ഇതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. 

സുരേഷ് ഗോപിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വയോധികൻ, പിടിച്ചുമാറ്റി ബി.ജെ.പി പ്രവർത്തകർ

കോട്ടയം: നിവേദനം നൽകാനുണ്ടെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വയോധികൻ. കോട്ടയം പള്ളിക്കത്തോടിൽ കലുങ്ക് സഭ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. ഇദ്ദേഹത്തെ പിന്നീട് ബി.ജെ.പി പ്രവർത്തകർ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി.

തന്‍റെ നിവേദനം സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. തനിക്ക് നിവേദനം ഉണ്ടെന്നും ഇതു കേൾക്കണമെന്നും കാറിന് മുന്നിൽ നിന്ന് വയോധികൻ ഉറക്കെ വിളിച്ചു പറഞ്ഞു. സൈഡ് ഗ്ലാസിന്‍റെ സമീപം എത്തിയെങ്കിലും തുറന്നില്ല. ഇതോടെ ബി.ജെ.പി പ്രവർത്തകർ എത്തി ബലം പ്രയോഗിച്ച് തള്ളി മാറ്റുകയായിരുന്നു. പള്ളിക്കത്തോട് സ്വദേശിയാണ് നിവേദനം നൽകാനെത്തിയതെന്നും മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

ബി.ജെ.പി പ്രവർത്തകർ വയോധികനെതിരെ തിരിഞ്ഞതോടെ ഇദ്ദേഹം കരഞ്ഞുകൊണ്ട് മാറുകയായിരുന്നു. മുതിർന്ന ബി.ജെ.പി നേതാക്കൾ എത്തിയാണ് വയോധികനെ ആശ്വസിപ്പിച്ചത്.

കഴിഞ്ഞദിവസം സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ പങ്കെടുത്തതിന് പിന്നാലെ വരന്തരപ്പിള്ളി പഞ്ചായത്ത് നാലാം വാർഡിലെ നാല് ബി.ജെ.പി പ്രവർത്തകരും കുടുംബാംഗങ്ങളും പാർട്ടി കോൺഗ്രസിൽ ചേർന്നിരുന്നു. കലുങ്ക് സംവാദത്തിനിടെ സുരേഷ് ഗോപി അപമാനിച്ചുവെന്ന് ആരോപിച്ചാണ് കൂട്ടരാജി. ബി.ജെ.പി ഭരിക്കുന്ന വേലുപ്പാടം വാര്‍ഡില്‍ നിന്നുള്ള സജീവ ബി.ജെ.പി പ്രവര്‍ത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് ബി.ജെ.പി വിട്ടത്.

വരന്തരപ്പിള്ളിയിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി അംഗം നിഖിൽ ദാമോദരൻ ഇവർക്കും കുടുംബാംഗങ്ങൾക്കും കോൺഗ്രസ് അംഗത്വം നൽകി സ്വീകരിച്ചു. ഒക്ടോബർ 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കലുങ്ക് സംവാദം നടന്നത്. രാജിവെച്ച നാലുപ്രവർത്തകരും കുടുംബാംഗങ്ങൾക്കൊപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് സുരേഷ് ഗോപി ഗർവോടെ സംസാരിക്കുകയും തങ്ങളെ അപമാനിക്കുകയായിരുന്നുവെന്നുമാണ് പാർട്ടി വിട്ടവരുടെ പരാതി.

മന്ത്രിയുടെ പെരുമാറ്റം താല്‍പര്യമില്ലാത്തതിനാലാണ് പാര്‍ട്ടി വിട്ടതെന്നും സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും പാര്‍ട്ടി വിട്ട പ്രസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധി സാധാരണക്കാരുടെ ചായക്കടയില്‍ പോയി ചായ കുടിക്കുമെന്നും എന്നാല്‍ എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ലെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Suresh Gopi mocks Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.