തിരുവനന്തപുരം: പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശാസ്തമംഗത്തെ വസതിയിലെത്തിയാണ് സുരേഷ് ഗോപിയെ ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് ക്ഷണിച്ചത്.
സുരേഷ് ഗോപി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം ബോർഡിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികളുടെ കൂട്ടായ്മയാണ് അയ്യപ്പ സംഗമമെന്നും പ്രശാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന സർക്കാറിന്‍റെ മേൽനോട്ടത്തിൽ ദേവസ്വം ബോർഡ് ഈ മാസം 20 നാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിന് സമാന്തരമായി ഹിന്ദു ഐക്യവേദി ആഗോള അയ്യപ്പ ഹൈന്ദവ സംഗമം നടത്തുന്നുണ്ട്. ഈ മാസം 22ന് പന്തളത്ത് നടക്കുന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ മത പുരോഹിതരും സമ്മേളനത്തിനെത്തും. അയ്യപ്പ സംഗമം ബഹിഷ്കരിക്കില്ലെന്നും അതേസമയം സഹകരിക്കില്ലെന്നുമുള്ള നിലപാടിലാണ് യു.ഡി.എഫ്.
ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹരജിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഹൈകോടതി ചോദിച്ചിരുന്നു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് സർക്കാർ മറുപടി നല്‍കിയത്. ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായാണ് പരിപാടിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്നാണ് സർക്കാർ മറുപടി നല്‍കിയത്.
സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിച്ചെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ അദ്ദേഹം പങ്കെടുക്കില്ല. പകരം മന്ത്രിമാർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.