സുരേഷ് ഗോപി

‘എന്നാൽ പിന്നെ എന്‍റെ നെഞ്ചത്തോട്ട് കയറിക്കോ...’; പരാതിയുമായെത്തിയ വയോധികയോട് സുരേഷ് ഗോപി

ഇരിങ്ങാലക്കുട: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നടത്തുന്ന കലുങ്ക് സംവാദ സദസ്സിൽ പരാതിയും നിവേദനവുമായെത്തിയ വ്യക്തിക്ക് വീണ്ടും പരിഹാസവും അവഹേളനവും. ഇരിങ്ങാലക്കുടയിൽ ബുധനാഴ്ച നടന്ന കലുങ്ക് സംവാദ സദസ്സിലാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാൻ നടപടി ആവശ്യപ്പെട്ട വയോധികക്ക് അവഹേളനം നേരിട്ടത്.

കരുവന്നൂര്‍ കോഓപറേറ്റിവ് ബാങ്കില്‍ നിക്ഷേപിച്ച പണം സാറ് ജയിച്ചാല്‍ ഞങ്ങള്‍ക്ക് തരാമെന്ന് പറഞ്ഞിരുന്നുവല്ലോ, അത് കിട്ടുമോ’ എന്ന് സുരേഷ് ഗോപിയോട് ചോദിച്ച പൊറത്തിശ്ശേരി നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന ആനന്ദവല്ലിയോടാണ് ‘മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ’ എന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞത്. ഞാന്‍ ഒരു പാവപ്പെട്ട വീട്ടിലേതാണ്. എനിക്ക് മുഖ്യമന്ത്രിയെ തേടി പോകുവാന്‍ പറ്റുമോ എന്ന് ചോദിച്ച ആനന്ദവല്ലിയോട് എന്നാല്‍ ‘എന്‍റെ നെഞ്ചത്തോട്ട് കയറിക്കോ. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്’ എന്ന് സുരേഷ് ഗോപി പരിഹസിക്കുകയായിരുന്നു. ഇതോടെ ചുറ്റും കൂടിനിന്നവർ പൊട്ടിച്ചിരിക്കുകയും ചെയ്തു.

‘ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ’ എന്ന് വയോധിക മറുപടി നൽകിയതോടെ അല്ലെന്നും രാജ്യത്തിന്‍റെ മന്ത്രിയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ‘‘ഇ.ഡി പിടിച്ചെടുത്ത കാശ് സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയുക. ചേച്ചി അധികം വര്‍ത്തമാനം പറയണ്ട. ഇ.ഡി പിടിച്ച പണം ബാങ്കില്‍ സ്വീകരിക്കുവാന്‍ പറയൂ ആദ്യം. എനിക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകുവാന്‍ വഴി അറിയില്ല എന്നതിന് പകരം നിങ്ങളുടെ എം.എല്‍.എയോടും മന്ത്രിയോടും പറയൂ’’ എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞതോടെ ഏറെ പ്രയാസത്തോടെയാണ് ആനന്ദവല്ലി വീട്ടിലേക്ക് മടങ്ങിയത്‌.

Tags:    
News Summary - Suresh Gopi Insulted elderly woman who came with a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.