സുരേഷ് ബാബു

നന്നായൊന്ന് കണ്ടാൽ, ‘ബെംഗളൂരു ട്രിപ്പടിക്കാം’ എന്നാണ് ഹെഡ്മാസ്റ്ററുടെ ചോദ്യം, സതീശൻ രാഹുലിനെ പുറത്താക്കിയതിൻറെ കാരണം വെളിപ്പെടുത്തും, മുറത്തിൽക്കേറി കൊത്തിയെന്നാണ് കേൾക്കുന്നതെന്നും സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി

പാലക്കാട്: ഷാഫി പറമ്പിൽ എം.പിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി സി.പി.എം. നല്ലൊരാളെ കണ്ടാൽ ബംഗളുരുവിലേക്ക് ട്രിപ്പ് അടിക്കാമോ എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ടയിൽ നിന്ന് പാലക്കാട് എത്തിച്ച ‘ഹെഡ്മാസ്റ്റർ’ ചോദിക്കുന്നതെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.

‘ഷാഫി പമ്പിലിനെ ഞാൻ വെല്ലുവിളിക്കുന്നു, രാഹുൽ മാങ്കൂട്ടം ചെയ്തത് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും അയാളെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതിന് പുറമെ ശക്തമായ നടപടി വേണമെന്നും രാജിവെക്കണമെന്നും പറയാൻ ഷാഫി പറമ്പിൽ തയ്യാറാകുമോ,’- സുരേഷ് ബാബു ചോദിച്ചു.

ഷാഫി തയ്യാറാവില്ല, ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ് നടക്കുന്നത്. കേരളീയ സമൂഹത്തിൽ പൊതുപ്രവർത്തനം നടത്തുന്നവർക്ക് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ആരെയെങ്കിലും നേരിട്ട് നന്നായൊന്ന് കണ്ടാൽ, ‘ബെംഗളൂരു ട്രിപ്പടിക്കാം’ എന്നാണ് ഹെഡ്മാസ്റ്റർ ചോദിക്കുന്നത്. അപ്പോ പിന്നെ രാഹുലിനെതിരേ എന്തെങ്കിലും മിണ്ടുമോ? ഹെഡ്മാസ്റ്ററിനും മുകളിലുള്ള അധ്യാപകരാണ് ബാക്കിയുള്ളവർ. അതുകൊണ്ടാണ് രാഹുലിനെതിരേ ഇവരൊന്നും ഒരക്ഷരം സംസാരിക്കാത്തതെന്നും ഇ.എൻ സുരേഷ് ബാബു ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയപ്പോൾ സംരക്ഷണവലയം ഒരുക്കിയത് കോൺഗ്രസ് നേതാക്കളാണ്. മരണവീട്ടിലടക്കം രാഹുലിന് സാധാരണ കാണാത്ത ആവേശകരമായ സ്വീകരണം കൊടുക്കുന്ന കാഴ്ചയാണ് പാലക്കാട് കണ്ടത്. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി എന്ന് പേരിന് പറയുകയും പിന്നിലൂടെ എല്ലാവിധ പിന്തുണയും സംരക്ഷണവും നൽകുന്ന നിലപാടാണ് കോൺഗ്രസിന്റേത്.

രണ്ട് വനിതകളെ അതിക്രൂരമായി മോശപ്പെടുത്തിയ, ലൈംഗീകമായി അതിക്രമം നടത്തിയ ഒരുത്തന് എങ്ങനെയാണ് മണ്ഡലത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാനാകുക?. കോൺഗ്രസുകാരന്റെ വീട്ടിലേക്ക് ഇയാളെ ക്ഷണിക്കുമോ? പെൺമക്കളുളള കോൺഗ്രസുകാരൻ രാഹുൽ വീട്ടിൽ വരുന്നുവെന്ന് പറഞ്ഞാൽ നിരസിക്കുമെന്ന് ഉറപ്പാണ്. കാണ്ടാമൃഗത്തേക്കാൾ ​തൊലിക്കട്ടിയാണ് രാഹുലിനെന്നും സുരേഷ് ബാബു പറഞ്ഞു. സി.പി.എം വ്യാപകമായ പ്രതിഷേധം തുടരും. വനിതകളുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ വി.ഡി. സതീശൻ പുറത്താക്കി എന്ന് പറയുന്നതിന് മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. അത് പിന്നീട് വെളിപ്പെടുത്താം. കേറിക്കേറി മുറത്തിൽക്കേറി കൊത്തി എന്നാണ് കേൾക്കുന്നത്. അത് വഴിയെ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - suresh babu agaist rahul mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.