‘സൂരജ് ലാമയെ കാണാതായതിൽ ആർക്കാണ് ഉത്തരവാദിത്തം, എന്ത് നിരീക്ഷണ സംവിധാനമാണ് കൊച്ചിയിലുള്ളത്’; കളമശ്ശേരി മെഡിക്കൽ കോളജിനും പൊലീസിനുമെതിരെ ഹൈകോടതി

കൊച്ചി: കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളജിനും പൊലീസനും എതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. പൊലീസ് മെഡിക്കൽ കോളജിൽ എത്തിച്ച സൂരജ് ലാമയെ കാണാതായതിൽ ആർക്കാണ് ഉത്തരവാദിത്തമെന്ന് കോടതി ചോദിച്ചു. സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സാന്റോൺ ലാമ ഹൈകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിക്കവെയാണ് രൂക്ഷ വിമർശനം.

എന്ത് നിരീക്ഷണ സംവിധാനമാണ് കൊച്ചി നഗരത്തിലുള്ളത്. സൂരജ് ലാമയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണം. കേസിൽ കളമശ്ശേരി മെഡിക്കൽ കോളജ് സൂപ്രണ്ടന്‍റ് വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മൃതദേഹത്തിന് ആഴ്ചകൾ പഴക്കമുണ്ട്. ഡി.എൻ.എ പരിശോധന നടത്തിയാൽ മാത്രമേ സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കു. പോസ്റ്റ്മോർട്ടം നടപടി പുരോഗമിക്കുകയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഹൈകോടതി രൂക്ഷ വിമർശനം നടത്തിയത്.

'കേരളം മുഴുവൻ ഈ മനുഷ്യ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞത്. ആ മനുഷ്യൻ ആകാതിരിക്കട്ടെ എന്നാണ് പ്രതീക്ഷ. ഡി.എൻ.എ ഫലം വരട്ടെ. ഈ വിഷയത്തിൽ ഉത്തരവാദിത്തം പറയേണ്ട വകുപ്പുകളുണ്ട്. കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട സൂരജ് കൊച്ചിയിൽ എത്തുകയും പിന്നീട് ഇയാളെ കണ്ടെത്തുകയും മെഡിക്കൽ കോളജിൽ എത്തിക്കുകയും ചെയ്തത് പൊലീസ് ആണ്. ആശുപത്രിയിൽ നിന്ന് സൂരജ് എങ്ങനെ പുറത്തുപോയെന്ന് സൂപ്രണ്ട് അടക്കമുള്ള അധികൃതർ മറുപടി പറയേണ്ട ബാധ്യതയുണ്ട്. സംസ്ഥാനമാകെ തിരിച്ചിൽ നടത്തിയപ്പോൾ മൃതദേഹം ആശുപത്രിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്'.

'സംഭവം കൊലപാതകമല്ലെന്ന് എങ്ങനെ പൊലീസിന് പറയാൻ സാധിക്കും. അത്തരം സാധ്യത മുമ്പിലുണ്ട്. കൊച്ചിയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പൊലീസിന്‍റെ നിരീക്ഷണ സംവിധാനം വരേണ്ടതല്ലേ?. കളമശ്ശേരിയിലെ നിർദിഷ്ട ജൂഡീഷ്യൽ സിറ്റിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പറയുന്നു. ഹരജി അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. മറ്റെന്നാൾ ഡി.എൻ.എ ഫലം അടക്കമുള്ളവ ഹാജരാക്കണം. സംഭവത്തിൽ ആർക്കൊക്കേ ഉത്തരവാദിത്തമുണ്ടെന്ന് അന്ന് പറയാം' -ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കളമശ്ശേരി സർക്കാർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണമാണ് മകൻ സാന്റോൺ ലാമ ഇന്ന് ഉന്നയിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിതാവിനെ മെഡിക്കൽ കോളജിൽ നിന്ന് വിട്ടയച്ചതെന്ന് സാന്‍റൻ ലാമ മാധ്യമങ്ങളോട് പറഞ്ഞു. മൊത്തം സിസ്റ്റത്തിന്‍റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാൾ വന്നാൽ മെഡിക്കൽ കോളജും പൊലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തിൽ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിതാവിനെ കാണാതായതിന് പിന്നാലെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളജിലെത്തി അന്വേഷണം നടത്തിയപ്പോൾ ഇങ്ങനെ ഒരാൾ അഡ്മിറ്റായിട്ടില്ലെന്നാണ് അധികൃതർ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളിൽ വാർത്ത വരികയും പൊലീസിനൊപ്പം മെഡിക്കൽ കോളജിലെത്തി അന്വേഷിച്ചപ്പോഴാണ് പിതാവിനെ അഡ്മിറ്റ് ചെയ്തിരുന്നതായി അധികൃതർ വ്യക്തമാക്കിയത്.

അജ്ഞാതൻ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് മാധ്യമവാർത്ത വന്നതിന് ശേഷം അന്വേഷിച്ചപ്പോഴാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററിൽ കണ്ടെത്തിയത്. പിതാവിന്‍റെ അസുഖം ഭേദമായത് കൊണ്ടാണ് പറഞ്ഞുവിട്ടതെന്ന് സൂപ്രണ്ടന്‍റ് പറഞ്ഞു. വിഷമദ്യ ദുരന്തത്തിൽപ്പെട്ട് ഓർമശക്തി നഷ്ടപ്പെട്ട ഒരാളിന്‍റെ അസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും സാന്റോൺ ലാമ ചോദിക്കുന്നു.

രാഷ്ട്രപതിയുടെ സന്ദർശനമായതിനാൽ പിതാവിന്‍റെ തിരോധാനത്തിൽ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ജീവനോടെ തന്നെ പിതാവിനെ കണ്ടെത്തി തരുമെന്ന് കമീഷണർ തനിക്ക് ഉറപ്പ് നൽകിയതാണ്. തിരച്ചിൽ നടത്തിയ എച്ച്.എം.ടി പരിസരത്ത് നിന്നാണ് പിതാവിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൊത്തം സിസ്റ്റത്തിന്‍റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാൾ വന്നാൽ മെഡിക്കൽ കോളജും പൊലീസും കൈകാര്യം ചെയ്യേണ്ടത് -സാന്റോൺ ലാമ ചോദിച്ചു.

നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം ആലുവയിൽവെച്ച് കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെതെന്ന് സംശയിക്കുന്ന അജ്ഞാത മൃതദേഹം ഞായറാഴ്ച കളമശ്ശേരിയിലാണ് കണ്ടെത്തിയത്. കളമശ്ശേരി എച്ച്.എം.ടി കമ്പനിക്ക്​ എതിർവശം കാടുപിടിച്ച ചതുപ്പ് സ്ഥലത്താണ് അഗ്നിരക്ഷാസേന ടാസ്ക് ഫോഴ്സ് മൃതദേഹം കണ്ടെത്തിയത്. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ സൂരജ്​ ലാമയെ കാണാതായതിനെ തുടർന്ന് ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച 20 അംഗ സംഘം വ്യത്യസ്ത ടീമുകളായി ജില്ലയിലുടനീളം തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിന്‍റെ ഭാഗമായി അഗ്നിരക്ഷാസേനയുടെ സഹായവും തേടിയിരുന്നു.

ബംഗളുരുവിൽ താമസിച്ചിരുന്ന സൂരജ്​ ലാമ ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിന് പുലർച്ചെ 2.15നാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. കുവൈത്ത് വിഷമദ്യദുരന്തത്തിനിരയായി ഓർമ നഷ്ടപ്പെട്ട നിലയിലാണ് കൊച്ചിയിലെത്തിയത്. അലഞ്ഞുനടക്കുന്ന രീതിയിൽ കണ്ട സൂരജ് ലാമയെ തൃക്കാക്കര പൊലീസ് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ഇറങ്ങിപ്പോയ ശേഷം കാണാതാവുകയായിരുന്നു.

കളമശ്ശേരിയിൽ നടത്തിയ സി.സി.ടി.വി പരിശോധനയിൽ ഒക്ടോബർ പത്തിന് എച്ച്.എം.ടി റോഡ്, എൻ.ഐ.എ ഓഫീസ്​ എന്നിവക്ക്​​ സമീപത്തുകൂടെ കടന്ന് പോകുന്നതായി കണ്ടതായാണ് പൊലീസ് പറഞ്ഞത്. ഇതനുസരിച്ച് ഞായറാഴ്ച രാവിലെ പൊലീസും അഗ്നിരക്ഷാ ടാസ്ക് ഫോഴ്​സും രണ്ടായിത്തിരിഞ്ഞ് എച്ച്.എം.ടിക്ക്​ സമീപം കാടുപിടിച്ച ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് എച്ച്.എം.ടി കമ്പനിക്ക് എതിർവശം മൃതദേഹം കണ്ടത്. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. പൊലീസ് വിവരം അറിയിച്ച പ്രകാരം മകൻ സാന്‍റോൺ ലാമ ബംഗളുരുവിൽ നിന്ന് ഞായറാഴ്ച കൊച്ചിയിലെത്തിയത്.

Tags:    
News Summary - Suraj Lamas disappearance: High Court against Kalamassery Medical College and Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.