ഹിജാബ് : സുപ്രീം കോടതിയുടേത് യുക്തിശൂന്യമായ വിധിയെന്ന് ബി.ജെ.പി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണൻ

തിരുവനന്തപുരം: ഹിജാബുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടേത് യുക്തിശൂന്യമായ വിധിയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. കെ.എസ്. രാധാകൃഷ്ണൻ. ജസ്റ്റിസ് ഹേമന്ത് ഗുപ്ത 14 ചോദ്യങ്ങൾ ഉന്നയിക്കുകയും അവയ്ക്കു ഉത്തരം പറയുകയും ചെയ്തു കൊണ്ടാണ് ഹൈക്കോടതി വിധി ശരിവെച്ചത്.

അനുച്ഛേദങ്ങൾ 14 തുല്യത, 19 അഭിപ്രായസ്വാതന്ത്ര്യം, 21 വ്യക്തിയുടെ സ്വകാര്യതയും അന്തസും 25 മതസ്വാതന്ത്രം എന്നിവയെ ആശ്രയിച്ചാണ് ചോദ്യങ്ങൾ ഉണ്ടാക്കിയത്. വിദ്യാലയങ്ങളിൽ യൂനിഫോം ഏർപെടുത്തിയതിന്റെ പേരിൽ വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം, സ്വകാര്യത എന്നിവയെ ഹനിക്കുന്നില്ല എന്നും തുല്യത ഉറപ്പു വരുത്തുന്നുണ്ട് എന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിച്ചു.

ജസ്റ്റിസ് സുധാംശു ധൂലിയ ഈ വക കാര്യങ്ങൾ ഒന്നും പരിഗണിച്ചില്ല. വസ്ത്രം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാത്രമാണ് ഇതെന്നും അതുകൊണ്ട് ഒരു കുട്ടിയുടെ തലയിൽ നിന്നും ശിരോവസ്ത്രം എടുത്തു മാറ്റുന്നത് വ്യക്തിയുടെ സ്വകാര്യതയിലുള്ള ആക്രമണമാണെന്നും അദ്ദേഹം വിലയിരുത്തി. അതുകൊണ്ടു പ്രശ്നം മതപരമല്ല മൗലികാവകാശത്തിന്റേതാണെന്നും കണ്ടത്തിയ ജഡ്‌ജി കർണാടക ഹൈക്കോടതി ഉത്തരവ് അസാധുവാക്കി.

ജസ്റ്റിസ് സുധാംശു പറഞ്ഞതാണ് ശരിയെന്നു സമ്മതിച്ചാൽ ഒരു മൗലികാവകാശവും അനിയന്ത്രിതമല്ല എന്ന കാര്യവും സമ്മതിക്കണം. ഏതു മൗലികാവകാശത്തിനും യുക്തിസഹമായ നിയന്ത്രണം ഏർപെടുത്താവുന്നതാണ് എന്ന് ഭരണഘടനാ തന്നെ അനുശാസിക്കുന്നുണ്ട് . അതുകൊണ്ട്, വിദ്യാലയത്തിൽ യൂനിഫോം ഏർപ്പെടുത്തുന്നത് യുക്തിസഹമായ നിയന്ത്രണമാണോ എന്നത് മാത്രമാണ് നിയമ പ്രശ്നം. യൂനിഫോം എന്ന ആശയത്തെ തന്നെ ഉപേക്ഷിക്കേണ്ടി വരും. കാരണം, ഓരോ വിദ്യാർഥിയും അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് വസ്ത്രം തെരഞ്ഞെടുത്താൽ യൂനിഫോം ഏർപ്പെടുത്താൻ സാധിക്കില്ല.

ഈ വിധിയുടെ വ്യാപ്‌തി എല്ലാ രംഗത്തേക്കും പ്രയോഗിച്ചാൽ, സൈന്യമടക്കം ഒരു രംഗത്തും യൂനിഫോം നിഷ്കർഷിക്കാനാകില്ല. അനിയന്ത്രിതമായ ഏത് അവകാശവും അരാജകത്വത്തിലായിരിക്കും അവസാനിക്കുക. അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്രത്തിന് അമിത പ്രാധാന്യം നൽകിയ കോടതി അക്കാര്യം വിസ്മരിച്ചു. മുസ്‍ലിം പെൺകുട്ടികൾക്ക് സ്കൂളിലെത്താൻ ഇപ്പോൾ തന്നെ വളരെ പ്രയാസങ്ങളുണ്ട്. യൂനിഫോം ഏർപ്പെടുത്തിയാൽ അവർക്കു സ്കൂളിലെത്താനുള്ള തടസ്സം കൂടും.

ഹിജാബ് ധരിക്കണം എന്ന് മാത്രമാണ് അവർ ആവശ്യപ്പെടുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ അത് അധികമായ അവകാശ വാദമാകുമോ എന്നും കോടതി ചോദിക്കുന്നു. ഭരണഘടനയും നിയമവും അനുവദിക്കുന്നതിന് അപ്പുറം ആര് എന്ത് ചോദിക്കുന്നതും അധികമായിപോകും. ജസ്റ്റിസ് സുധാംശുവിന്റെ അഭിപ്രായങ്ങളെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് മൗലികാവകാശത്തിന്റെ ഭാഗമാണ് എന്ന് സമ്മതിച്ചാൽ അനിവാര്യമായ നിയന്ത്രണം കൂടി അംഗീകരിക്കേണ്ടി വരുമെന്നും ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.

Tags:    
News Summary - Supreme Court's decision is unreasonable. Dr. K. S. Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.