ന്യൂഡൽഹി: സുപ്രീം കോടതി വിമർശനത്തിന്ശേഷം മുനമ്പം വഖഫ് കേസിൽ സമയം നീട്ടി ചോദിച്ച് സംസ്ഥാന സർക്കാറും സംസ്ഥാന വഖഫ് ബോർഡും. തുടർന്ന് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത് തൽസ്ഥിതി തുടരാൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടണമെന്ന ഹരജിക്കാരായ വഖഫ് സംരക്ഷണ വേദിയുടെ ആവശ്യം ബെഞ്ച് അംഗീകരിച്ചു. മുനമ്പത്തെ ഭൂമി കൈവശം വെക്കുന്നവരാരും സുപ്രീംകോടതിയിൽ മറുപടി സമർപ്പിച്ചിട്ടില്ല.
കേരള ഹൈകോടതി വിധിക്കെതിരെ വഖഫ് സംരക്ഷണ വേദിയുടെ അപ്പീൽ ആദ്യമായി പരിഗണിച്ചപ്പോൾ അപ്പീൽ നൽകാത്തതിന് സംസ്ഥാന സർക്കാറിനെ വിമർശിച്ചശേഷമാണ് മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. തുടർന്ന് അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ മുനമ്പം വഖഫ് ഭൂമി കേസിലെ ഹൈകോടതി വിധിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാൻ സർക്കാറിനും സംസ്ഥാന വഖഫ് ബോർഡിനും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത നിലപാട് അറിയിക്കാൻ നൽകിയ നോട്ടീസിൽ മറുപടിക്ക് സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടു. മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ തങ്ങൾ ഹൈകോടതിയിൽ പുനഃപരിശോധനാ ഹരജി സമർപ്പിച്ചിട്ടുണ്ടെന്നും അത് പിൻവലിച്ചതിന് ശേഷം ഹൈകോടതി വിധിക്ക് എതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാമെന്നും വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഡ്വ. സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു.
ഇരുകൂട്ടർക്കും സമയം നീട്ടിനൽകിയതോടെ ഹൈകോടതി വിധി സ്റ്റേ ചെയ്ത് മുനമ്പം വഖഫ് ഭൂമിയാക്കി നിലനിർത്തിയ സുപ്രീംകോടതി ഉത്തരവിന്റെ സമയപരിധിയും നീട്ടണമെന്ന് വഖഫ് സംരക്ഷണ വേദിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അബ്ദുല്ല നസീഹ് ആവശ്യപ്പെട്ടു. ഇതംഗീകരിച്ചാണ് ഇടക്കാല ഉത്തരവിന്റെ സമയപരിധി സുപ്രീംകോടതി നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.