ന്യൂഡല്‍ഹി: സി.പി.എം നേതാവ് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ പി. ജയരാജന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി നോട്ടീസയച്ചത്. ഹൈകോടതി വെറുതേവിട്ട പ്രതികള്‍ക്ക് വാറന്‍റ് അയക്കണമെന്ന് സംസ്ഥാന സർക്കാറിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. മാർച്ച് മൂന്നിന് കേസിൽ വിശദമായ വാദം കേൾക്കാൻ ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് തീരുമാനിച്ചു.
പി. ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ആറു പ്രതികളില്‍ ഒരാളൊഴികെയുള്ളവരെ ഹൈകോടതി വെറുതേവിട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയായ ചിരുകണ്ടോത്ത് പ്രശാന്തിന്റെ ശിക്ഷ വെട്ടിക്കുറക്കുകയും ചെയ്തു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരും പി. ജയരാജനും സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ, സര്‍ക്കാരിന്റെ അപ്പീലില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 390-ാം വകുപ്പ് പ്രകാരം പ്രതികള്‍ക്ക് വാറണ്ട് അയക്കണമെന്നായിരുന്നു വെളളിയാഴ്ച സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തുവും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും ആവശ്യപ്പെട്ടത്. അപ്പീലില്‍ ലഭിച്ച നോട്ടീസിന് ഇതുവരെ പ്രതികള്‍ മറുപടി നല്‍കിയിട്ടില്ലെന്നും ഇത് കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ആണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
1999 ആഗസ്റ്റ് 25ന് തിരുവോണ ദിവസം കിഴക്കേ കതിരൂരിലെ വീട്ടില്‍ക്കയറി പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒമ്പത് ആര്‍.എസ്.എസ് പ്രവർത്തകരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ ആറുപേരെ 2007ല്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷിക്കുകയും മൂന്നുപേരെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍, പിന്നീട് കേസ് പരിഗണിച്ച ഹൈകോടതി രണ്ടാം പ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന്, കേസിലെ മറ്റു പ്രതികളായിരുന്ന കുന്നിയില്‍ ഷനൂബ്, തൈക്കണ്ടി മോഹനന്‍, പാറ ശശി, ജയപ്രകാശന്‍, കണിച്ചേരി അജി, എളന്തോട്ടത്തില്‍ മനോജ്, കൊയ്യോന്‍ മനു എന്നിവരെ വെറുതേവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.