ടി.പി. കേസ് പ്രതിക്ക് എങ്ങനെ പെട്ടെന്ന് ജാമ്യം നൽകുമെന്ന് സുപ്രീംകോടതി; ‘വിചാരണ കോടതിയുടെ രേഖകൾ ഹാജരാക്കണം’

ന്യൂഡൽഹി: ടി.പി. കേസ് ഒരു കൊലപാതക കേസ് ആണെന്നും പ്രതിക്ക് എങ്ങനെയാണ് പെട്ടെന്ന് ജാമ്യം നൽകുകയെന്നും സുപ്രീംകോടതി. ഇടക്കാല ജാമ്യം നൽകണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി. ടി.പി. കേസ് പ്രതി ജ്യോതിബാബുവിന് കിഡ്നി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

അതേസമയം, വിചാരണ കോടതിയുടെ രേഖകൾ കാണണമെന്നും 15 ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പ്രോക്സിക്യൂഷൻ സാക്ഷികളുടെ മൊഴികളുടേത് അടക്കം വിശദാംശങ്ങൾ കാണണമെന്നും എങ്കിൽ മാത്രമേ ജാമ്യം നൽകാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി.

ഗാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളാണ് കെ.കെ. രമ ഉന്നയിക്കുന്നതെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനം എന്ത് ഒത്തുകളിയാണ് നടത്തുന്നതെന്ന് വെളിപ്പെടുത്തണമെന്ന് കെ.കെ. രമയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

ടി.പി കേസ് പ്രതികൾക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടാകുന്നതെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെ.കെ. രമ ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കൊടുത്തുന്നതുമായ സന്ദേശമായിരിക്കുമെന്നും കെ.കെ. രമ വ്യക്തമാക്കി.

അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസ്​ പ്രതി സിജിത്തിന്​ (അണ്ണൻ സിജിത്) കുഞ്ഞിന്‍റെ ചോറൂണിന്​ പരോൾ അനുവദിക്കണമെന്ന ആവശ്യം ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ചോറൂണിന്​ ഭർത്താവിന്‍റെ സാന്നിധ്യം അനിവാര്യമാണെന്ന്​ ചൂണ്ടിക്കാട്ടി ഭാര്യയാണ്​ കോടതിയെ സമീപിച്ചത്​.

അസാധാരണ സന്ദർഭങ്ങളിൽ മാത്രമേ ജീവപര്യന്തം തടവുകാർക്ക്​ പരോൾ അനുവദിക്കാനാവൂവെന്ന് ഹൈകോടതി ജസ്റ്റിസ്​ പി.വി. കുഞ്ഞികൃഷ്ണന്‍റെ ബെഞ്ച്​ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 11ന്​ ഭാര്യയുടെ പ്രസവ​ത്തോട് അനുബന്ധിച്ച്​ ​അഞ്ച്​ മാസം മുമ്പ്​ പരോൾ അനുവദിച്ചിരുന്നു​. പ്രസവത്തെ തുടർന്നുള്ള ഓരോ ചടങ്ങിനും പരോൾ സാധ്യമല്ലെന്ന്​ കോടതി വ്യക്​തമാക്കി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലാണ്​ സിജിത്ത്​.

Tags:    
News Summary - Supreme Court asks how to grant bail to TP case accused quickly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.