കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രഭാതം മുഖപ്രസംഗം. ലഹരി ഉപയോഗം കുറയ്ക്കുന്നതിനെക്കാൾ മദ്യവിപണിക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുന്നതാണ് സർക്കാർ നയമെന്നും ഇത് ആശങ്കാ ജനകമാണെന്നും എഡിറ്റോറിയൽ പറയുന്നു. മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കാൻ ഇടയാക്കുന്ന നയവുമായി വി.ഡി സതീശൻ സർക്കാർ മുന്നോട്ടുവരുന്നത് അത്യന്തം നിർഭാഗ്യകരമാണെന്നും ' വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം' എന്ന തലക്കെട്ടിൽ സുപ്രഭാതം എഴുതി.
'ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം കൈകോർത്തു നിൽക്കുന്ന ഘട്ടത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നതാണ്. ബജറ്റിലെ ഈ പ്രഖ്യാപനം വെറും നികുതി പരിഷ്‌കരണമെന്ന വാദത്തിൽ ഒതുക്കാനാവില്ല. മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കാൻ ഇടയാക്കുന്ന നയവുമായി വി.ഡി സതീശൻ സർക്കാർ മുന്നോട്ടുവരുന്നത് അത്യന്തം നിർഭാഗ്യകരമാണ്. സമൂഹത്തിന്റെ ആരോഗ്യത്തെയും യുവതലമുറയുടെ ഭാവിയെയും ബാധിക്കുന്ന വിഷയമാണിത്. അതുകൊണ്ടുതന്നെ വിവിധ മത, സാമൂഹിക സംഘടനകളും രാഷ്ട്രീയകക്ഷികളും ഉയർത്തുന്ന എതിർപ്പിനെ സർക്കാർ ഗൗരവത്തോടെ കാണേണ്ടതുണ്ട്'. എഡിറ്റോറിയൽ പറുന്നു.
മദ്യവർജനത്തെക്കുറിച്ചുള്ള വാചാടോപങ്ങൾ നിരത്തുന്നതിൽ മുന്നണികളൊന്നും ഒരുമടിയും കാട്ടാറില്ല. എന്നാൽ അധികാരത്തിൽ മാറിവരുന്ന ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ, മദ്യലഭ്യത കുറയ്ക്കുന്നതിനെക്കാൾ വിപണി നിലനിർത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നതിലാണ് കൂടുതൽ താൽപര്യം കാണിക്കുന്നതെന്നു വ്യക്തമാവുമെന്നും എഡിറ്റോറിയൽ വിമർശിച്ചു.
യു.ഡി.എഫ് സർക്കാർ സമഗ്ര മദ്യനയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം സർക്കാരിന്റെ സമീപനം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടേക്കാം. ലഹരി ഉപയോഗം കുറയ്ക്കുന്നതിനെക്കാൾ മദ്യവിപണിക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുന്ന നയസൂചനയായാണ് ഇതിനെ പലരും കാണുന്നത്.
അതുകൊണ്ടുതന്നെ ഈ തീരുമാനത്തെക്കുറിച്ചുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രതിപക്ഷം സഭയിൽ ഉയർത്തിയ ആരോപണത്തേയും സുപ്രഭാഥം പിന്തുണച്ചു. ബക്കാർഡി കമ്പനിയെ സഹായിക്കാനാണ് നികുതി പരിഷ്‌കരണമെന്ന പ്രതിപക്ഷ ആരോപണവും ഗൗരവമുള്ളതാണ്. നികുതി ഇളവിനായുള്ള ഫയൽ നീക്കമൊക്കെ വേഗത്തിൽ നടന്നത് ഈ ആരോപണത്തിന്റെ ശക്തി കൂട്ടുന്നുണ്ട്. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് സർക്കാർ കരുതുന്നുവെങ്കിൽപോലും, അതിന് വ്യക്തവും വിശ്വസനീയവുമായ വിശദീകരണം നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്.
വിഷയത്തിൽ ഭരണകക്ഷിക്കുള്ളിൽനിന്ന് മുസ്്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, വി.എം സുധീരൻ എന്നിവരുടെ വിയോജിപ്പും എഡിറ്റോറിയൽ എടുത്തു പറയുന്നുണ്ട്. ജനങ്ങളുടെ ആശങ്കകളെ കേൾക്കാനും തെറ്റായ തീരുമാനങ്ങൾ തിരുത്താനുമുള്ള ആർജവമാണ് ഒരു സർക്കാരിന്റെ ശക്തി. വരുമാനം വർധിപ്പിക്കാനുള്ള എളുപ്പവഴിയായി മദ്യത്തെ വീണ്ടും ആശ്രയിക്കുന്നതിനു പകരം, ആരോഗ്യകരമായ സാമൂഹിക വികസനത്തിനും ഉൽപ്പാദനക്ഷമമായ സമ്പദ്‌വ്യവസ്ഥയ്ക്കും വഴിയൊരുക്കുന്ന നയങ്ങളാണ് കേരളത്തിന് ആവശ്യം. ജനവികാരവും സാമൂഹിക ഉത്തരവാദിത്വവും മാനിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളം പിന്നോട്ടല്ല, മുന്നോട്ടാണ് പോകേണ്ടതെന്നും എഡിറ്റോറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.