കോയമ്പത്തൂരിൽ നിന്ന് കേരള വിപണിയിലേക്ക്; പൂക്കളൊരുങ്ങി തിരുവോണത്തിനായി

പാലക്കാട്: തിരുവോണത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിൽ നിന്ന് പൂക്കൾ എത്തുന്നു. തമിഴ്നാട്ടിലെ പലയിടങ്ങളിലായി പൂക്കൃഷി വ്യാപിച്ചിട്ടുണ്ടെങ്കിലും കോയമ്പത്തൂർ തൊണ്ടാമുത്തൂർ ഭാഗത്തുനിന്ന് ചെണ്ടുമല്ലിയും ജമന്തിയും പാടങ്ങളിൽ വിരിഞ്ഞു നിൽക്കുകയാണ്. ഓണം മുന്നിൽക്കണ്ട് മാസങ്ങൾക്കു മുമ്പേ വടിവേലം പാളയം, മോളപ്പാളയം, മംഗലപ്പാളയം, നരസിപുരം എന്നിവിടങ്ങളിൽ ചെണ്ടുമല്ലി, കോഴിപ്പൂവ്, വാടാമല്ലി ഇനങ്ങൾ കർഷകർ കൃഷിയിറക്കുന്നുണ്ട്.

വടിവേലം പാളയം ഭാഗത്ത് 250 ഏക്കറോളം സ്ഥലത്താണു പൂക്കൃഷി വ്യാപിച്ചു കിടക്കുന്നത്. ചിങ്ങം മുഴുവൻ നീളുന്ന പൂവിടൽ അത്തം തൊട്ട് തിരുവോണം വരെയായതോടെ നാളുകൾ കണക്കാക്കിയാണ് കൃഷി ചെയ്യുന്നതെന്ന് കർഷകർ പറയുന്നു. കഴിഞ്ഞവർഷം എല്ലാത്തരം പൂക്കൾക്കും ശരാശരി കിലോക്ക് 100 രൂപയെങ്കിലും ലഭിച്ചപ്പോൾ ലാഭകരമായിരുന്നു. ഇത്തവണ ഡിണ്ടുക്കലിൽ നിന്നു കൂടുതൽ പൂക്കൾ കേരളത്തിലേക്ക് എത്തിക്കുന്നതിനാൽ കോയമ്പത്തൂരിലെ പൂക്കൾക്ക് വിലയിൽ കുറവാണ് അനുഭവപ്പെടുന്നുണ്ട്.

ചെണ്ടുമല്ലി കിലോഗ്രാമിന് 60 രൂപക്കും വാടാമല്ലി 50 രൂപക്കുമാണ് വിപണിയിലെത്തിക്കുന്നത്. മേട്ടുപ്പാളയം ഭാഗത്ത് പൂക്കൃഷി ഉണ്ടെങ്കിലും സമീപപ്രദേശമായ സത്യമംഗലത്ത് വ്യാപകമായി മുല്ലയും മല്ലിയും ചെണ്ടുമല്ലിയും കൃഷിയുള്ളത്. കേരളത്തിലെ ഓണത്തിരക്കും പൂവിന്റെ ആവശ്യങ്ങളും കുറഞ്ഞാൽ സമീപ പ്രദേശങ്ങളിലെ സുഗന്ധദ്രവ്യ കമ്പനികളിലേക്ക് കർഷകർ സ്ഥിരമായി പൂക്കൾ എത്തിക്കും. എങ്കിലും ഓണം കണ്ടുള്ള വില കൂട്ടലൊന്നും കമ്പനികളോടു നടക്കില്ല. സ്ഥിരമായി പൂക്കൾക്കു വില പറഞ്ഞുറപ്പിച്ചാണു കമ്പനികൾ പൂക്കൾ വാങ്ങുന്നത്.

കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന പ്രധാന മാർക്കറ്റുകളിലേക്കും കോയമ്പത്തൂരിൽ നിന്നു വിമാനം വഴി ഗൾഫ് രാജ്യങ്ങളിലേക്കും പൂക്കളുടെ കയറ്റുമതി നടക്കുന്നുണ്ട്. ദുബായ്, ഷാർജ വിമാനത്തിൽ ശരാശരി ദിവസവും ഒരു ടണ്ണോളം പൂക്കൾ പോകുന്നത് അടുത്താഴ്ച ഇരട്ടിയാകുമെന്നാണു കാർഗോ ഏജന്റുമാർ പറയുന്നത്. ബുധനാഴ്ച കോയമ്പത്തൂർ പൂ മാർക്കറ്റിൽ മഞ്ഞ ജമന്തി-200 രൂപ, വെള്ള ജമന്തി-400 രൂപ, കളേഴ്സ് ജമന്തി-300 രൂപ, ചെണ്ടുമല്ലി-80 രൂപ, റോസ്-240 രൂപ, മഞ്ഞ റോസ്-300 രൂപ, പനീർ റോസ്-140 രൂപ, മല്ലി-600 രൂപ, മുല്ല-400 രൂപ എന്നിങ്ങനെയാണ് മൊത്തവിലയിൽ വാങ്ങിയത്. ചില്ലറ വിലയിൽ വാങ്ങുമ്പോൾ വില വർധിക്കാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു.

Tags:    
News Summary - Coimbatore Flowers Ready for Thiruvonam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.