തിരുവനന്തപുരം: മൂന്നു മാസത്തിനുശേഷം മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനത്തിലെ അനിശ്ചിതത്വത്തിന് പരിഹാരം. മന്ത്രി നിർദേശിച്ച സി.എസ്. ശരത് ചന്ദ്രനെ പി.എസ് ആയി നിയമിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുമതി നൽകി. സെക്രട്ടേറിയറ്റിലെ സ്പെഷൽ സെക്രട്ടറിയായ ഇദ്ദേഹത്തിന്റെ പേര് ബിന്ദുകൃഷ്ണ നേരത്തെ തന്നെ ശുപാർശ ചെയ്തിരുന്നു.
ഇ-ഓഫിസ് വഴിയും ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഡൽഹി യാത്രക്കു പിന്നാലെയാണ് നിയമനത്തിന് പച്ചക്കൊടിയായത്. സർക്കാർ അധികാരമേറ്റ് മൂന്ന് മാസമായിട്ടും തൊഴിൽമന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. നിയമനം വൈകിയത് സാങ്കേതിക നടപടികളുടെ ചുവപ്പുനാടയ്ക്കപ്പുറം രാഷ്ട്രീയ തർക്കങ്ങളിലേക്കും വഴിമാറിയിരുന്നു. സമാന രീതിയിയിൽ ഒഴിഞ്ഞുകിടന്നിരുന്ന മന്ത്രി എം. ലിജുവിന്‍റെ പ്രൈവറ്റ് സെക്രട്ടറി നിയമത്തിൽ കഴിഞ്ഞ ദിവസമാണ് തീരുമാനമായത്.
മന്ത്രിയുടെ ഓഫിസിനെ ചലിപ്പിക്കേണ്ട സുപ്രധാന ചുമതല പ്രൈവറ്റ് സെക്രട്ടറിമാർക്കാണ്. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും എത്തുന്ന നൂറുകണക്കിന് ഫയലുകൾ മന്ത്രി കാണുന്നതിന് മുമ്പ് വിശദമായി പരിശോധിക്കുന്നത് പ്രൈവറ്റ് സെക്രട്ടറിയാണ്. മന്ത്രിയുടെ ഓഫിസും വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഐ.എ.എസ് ഉദ്യോഗസ്ഥർ എന്നിവരും തമ്മിലുള്ള പ്രധാന പാലമായി പ്രവർത്തിക്കേണ്ട ഉത്തരവാദിത്തവും ഇവർക്കുണ്ട്.
എം.എൽ.എ.മാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ, പൊതുജനങ്ങൾ എന്നിവർ നൽകുന്ന പരാതികളും നിവേദനങ്ങളും മുൻഗണനാടിസ്ഥാനത്തിൽ തരംതിരിച്ച് വേഗത്തിൽ തീർപ്പാക്കാൻ നടപടിയെടുക്കുന്നത് പ്രൈവറ്റ് സെക്രട്ടറിയാണ്. മന്ത്രിസഭാ യോഗങ്ങളിൽ ഉന്നയിക്കേണ്ട വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അടിയന്തര തീരുമാനങ്ങൾ എന്നിവ തയ്യാറാക്കുന്നതിൽ പ്രൈവറ്റ് സെക്രട്ടറിക്ക് നിർണായക പങ്കുണ്ട്. ഇത്രത്തോളം സുപ്രധാന ചുമതല വഹിക്കേണ്ട കസേരയാണ് മൂന്ന് മാസത്തോളം ഒഴിഞ്ഞുകിടന്നത്.
ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിക്കാനുള്ള നീക്കം തുടങ്ങിയപ്പോഴേ പ്രാദേശിക നേതൃത്വം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ശരത്ചന്ദ്രന്റെ ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. എന്നാൽ, ശരത് ചന്ദ്രൻ അല്ലാതെ മറ്റൊരു പ്രൈവറ്റ് സെക്രട്ടറി വേണ്ടെന്ന് നിലപാടിൽ ബിന്ദു കൃഷ്ണ ഉറച്ചുനിന്നു. മന്ത്രി മറ്റൊരാളുടെ പേര് നിർദേശിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഒടുവിൽ നിയമനം മുഖ്യമന്ത്രി അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.