തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ പേരിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളിൽനിന്നും രക്ഷിതാക്കളിൽ നിന്നും പണം പിരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ. സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ വ്യാപക പണപ്പിരിവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓരോ മത്സരാർഥിയുടെയും ഗ്രൂപ്പിന്റെയും മാർക്കുകൾ വിധികർത്താക്കൾ രേഖപ്പെടുത്തിയത് ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്ക്രോൾ ചെയ്ത് സ്റ്റേജിൽ പ്രദർശിപ്പിക്കണം.
മേഖലയിൽ പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്കരിക്കണമെന്നും ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ ബി. മോഹൻകുമാർ, കെ.കെ ഷാജു, ഡോ. എഫ്. വിൽസൺ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവിട്ടു. വേദികളിൽ പ്രോഗ്രാം കൺവീനർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പേരും മൊബൈൽ നമ്പറും മത്സരാർഥികൾക്കും പൊതുജനങ്ങൾക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന വിവിധ മേളകളിലെ ഇനങ്ങൾ തരംതിരിച്ച് സൗകര്യപ്രദമായ ക്ലാസ് മുറികൾ/ മറ്റു സംവിധാനങ്ങൾ സജ്ജീകരിക്കണം.
സാംസ്കാരിക വകുപ്പിന്റെ പാനലിലുള്ള യോഗ്യരായ വിധികർത്താക്കളെയും പരിഗണിക്കണം. വിധികർത്താക്കളെ തെരഞ്ഞെടുക്കാനാവശ്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കേണ്ടതും ഉപജില്ലാ മത്സരം മുതൽ സംസ്ഥാനതലം വരെ അവരുടെ യോഗ്യതകൾ (പേര്, വിദ്യാഭ്യാസ യോഗ്യത, മികവ്) മത്സര സമയം സ്ക്രീനിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. ഉപജില്ലാതല - ജില്ലാതല മത്സരത്തിനുള്ള ഇടവേളകൾ കുറഞ്ഞത് പത്ത് ദിവസവും ജില്ലാതല - സംസ്ഥാനതല മത്സരത്തിന് കുറഞ്ഞത് 15 ദിവസവും ഇടവേളകൾ ലഭ്യമാക്കണം. കലാരൂപങ്ങൾ അവതരിപ്പിക്കുന്ന വേദികൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി സുരക്ഷ ഉറപ്പാക്കണം.
സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികളിലാണ് ഉത്തരവ്. 2026-‘27 വർഷത്തെ കലോൽസവ നടത്തിപ്പിൽ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ തുടങ്ങിയവർക്ക് കമീഷൻ നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.