സി.എ.എയെ പിന്തുണക്കുന്നു; മുസ്‍ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനം -ഇ. ശ്രീധരൻ

കോഴിക്കോട്: സി.എ.എയെ പിന്തുണക്കുന്നുവെന്നും മുസ്‍ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്നും ബി.ജെ.പി സഹയാത്രികനായ മെട്രോമാൻ ഇ. ശ്രീധരൻ. മീഡിയ വൺ എഡിറ്റർ ​പ്രമോദ് രാമനുമായി ‘ദേശീയ പാത’ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഇ. ശ്രീധരന്റെ അഭിപ്രായ പ്രകടനം. ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനി​ല്ലെന്നു പറഞ്ഞ അദ്ദേഹം, നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി.

സി.എ.എ മതപ്രകാരം ചെയ്യുന്ന കാര്യങ്ങളല്ല. അങ്ങനെ മുദ്ര കുത്തേണ്ടതില്ല. ഇത് രാജ്യത്തിന് ആവശ്യമുള്ള കാര്യങ്ങളാണ്. വികസനം എടുത്തുനോക്കൂ. എല്ലാവർക്കും ഒരുപോലെയല്ലേ വികസനം? സി.എ.എയിൽ മുസ്‍ലിംകളെ ഒഴിച്ചുനിർത്തുന്നത് ശരിയാണ്. സി.എ.എ ഒരു വിഭാഗക്കാർക്ക് ​കൊടുക്കുന്നത് എന്തുകൊണ്ടാണെന്ന് നമ്മൾ ​ആലോചിക്കണം. അവർ മറ്റു രാജ്യങ്ങളിൽനിന്ന് മടങ്ങിവന്ന അവിടുത്തെ ന്യൂനപക്ഷക്കാരാണ്. മുസ്‍ലിം രാജ്യങ്ങളിൽനിന്നു വന്ന ആൾക്കാരാണ് അധികവും. അവിടെ അവർക്ക് നിൽക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഓടിവന്നത്. പത്തും പതിനഞ്ചും കൊല്ലം മു​മ്പൊക്കെ വന്നയാളുകളാണ്. അവർക്ക് നമ്മൾ പൗരത്വം കൊടുത്തില്ലെങ്കിൽ പിന്നെ വേറെ ഏത് രാജ്യമാണ് കൊടുക്കുക?

Full View

നമുക്ക് മുസ്‍ലിംകൾക്ക് കൊടുക്കേണ്ട ആവശ്യമെന്താണ്? പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെയുള്ള മുസ്‍ലിംകൾ അവരുടെ ഇഷ്ടപ്രകാരം അവിടെ പോയി താമസിക്കുന്നവരാണ്. അവർക്ക് സകല സൗകര്യങ്ങളും അവിടെയുണ്ട്. അവരെ ഓടിക്കുന്നില്ല. അവിടെ നിലനിൽപില്ലാതെയെത്തുന്നവരെ, അവർ ഇന്ത്യയെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ മതം നോക്കാതെ അവരെയും പരിഗണിക്കണം. ആ സ്റ്റേജ് എത്തിയിട്ടില്ല. ആരും വന്നിട്ടില്ല ഇതുവരെ. ഇന്ത്യയിൽ വന്നുകേറിയ എല്ലാവർക്കും പൗരത്വം കൊടുക്കുകയാണെങ്കിൽ എന്തായിരിക്കും ഇവിടുത്തെ സ്ഥിതി? വളരെ കാലമായി വന്നു കാത്തിരിക്കുന്നവർക്ക് കൊടുക്കണം. അവർ കുറച്ചു പേരേയുള്ളൂ.

രാഷ്ട്രീയത്തിൽ സജീവമായ ഒരു റോളും ഇപ്പോഴില്ല. ആശയപരമായ പിന്തു​ണയും തന്ത്രപരമായ സഹായങ്ങളുമൊക്കെ ചെയ്യുന്നുണ്ട്. മോദി സർക്കാർ ഇനിയും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം. കഴിഞ്ഞ പത്തു വർഷത്തിൽ രാജ്യത്ത് മോദി സർക്കാർ ഒരുപാട് അഭിവൃദ്ധിയും വികസനവും കൊണ്ടുവന്നിട്ടുണ്ട്. അതിന് തുടർച്ചയുണ്ടാകണം.

ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ചിന്തിച്ചിട്ടേയില്ല. അവർ ആവശ്യപ്പെട്ടാലും ഞാൻ പോകാൻ തയാറല്ലായിരുന്നു. കാരണം, എനിക്ക് 94 വയസ്സായി. അതുകൊണ്ട് അതു ചെയ്യുന്നത് ശരിയ​ല്ലല്ലോ. പ്രചാരണ രംഗത്ത് സജീവമാകാനും കഴിയില്ല. വെയിലത്ത് ഓടിനടക്കാനൊന്നും സാധിക്കില്ല. രണ്ടരക്കൊല്ലം മുമ്പ് പാലക്കാട്ട് ചെയ്തതാണല്ലോ. അതുപോലെ ഇനി​ ചെയ്യാൻ സാധിക്കില്ല.

പാലക്കാട്ട് ഇനി ഒരു ഉപതെരഞ്ഞെടുപ്പ് നടന്നാലും മത്സരിക്കാനില്ല. ആ വയസ്സു കഴിഞ്ഞു എനിക്ക്. ഒരു അഞ്ചോ പത്തോ കൊല്ലം മുമ്പൊക്കെ അത് പറ്റുമായിരുന്നു. ഇനി മത്സരിക്കാനിറങ്ങുന്നത് ജനങ്ങളോട് ചെയ്യുന്ന ശരികേടാണ്. ജയിച്ചാൽ തന്നെ എന്തുചെയ്യാൻ സാധിക്കും? അതുകൊണ്ട് അങ്ങനെയൊരു ആഗ്രഹമേയില്ല. ഞാൻ മത്സരിച്ചില്ലെങ്കിലും ബി.ജെ.പിക്ക് നല്ല സാധ്യതയുണ്ടെന്നാണ് എന്റെ അഭിപ്രായം’ -ഇ. ശ്രീധരൻ പറഞ്ഞു.

Tags:    
News Summary - Supporting the CAA; Exclusion of Muslims is correct -E. Sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.