ഇ- സഞ്ജീവനി വഴി കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങള്‍

തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി ത്രിതല ഹബ് ആൻഡ് സ്‌പോക്ക് സംവിധാനത്തിന് അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

മെഡിക്കല്‍ കോളജുകളില്‍ പോകാതെതന്നെ എല്ലാ സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല കമ്മിറ്റിയും ജില്ല കലക്ടര്‍മാരുടെ നേതൃത്വത്തിൽ ജില്ലതല കമ്മിറ്റിയും രൂപവത്കരിച്ചു. വരും ഘട്ടങ്ങളില്‍ കാസ്പുമായി ചേര്‍ന്ന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കും. മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത ജില്ലകളില്‍ സ്വകാര്യ സ്‌പെഷലിസ്റ്റ് ഡോക്ടറുടെ സേവനം ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ല ജനറല്‍ ആശുപത്രികള്‍ മുഖേന സ്‌പെഷാലിറ്റി സേവനങ്ങളും മെഡിക്കല്‍ കോളജുകള്‍ വഴി സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്‌പോക്കായാണ് പ്രവര്‍ത്തിക്കുക. ജില്ല, ജനറല്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളും ഹബായും പ്രവര്‍ത്തിക്കും.

ആദ്യം സ്‌പോക് ആശുപത്രിയിലെ ഡോക്ടര്‍ പ്രാഥമിക പരിശോധന നടത്തും. സ്‌പെഷലിസ്റ്റ് ഡോക്ടര്‍ക്ക് റഫര്‍ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ ജില്ല, ജനറല്‍, മെഡിക്കല്‍ കോളജ് ഹബിലെ ഡോക്ടറുമായി ബന്ധിപ്പിക്കും. സ്‌പെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സക്ക് മെഡിക്കല്‍ കോളജുകളിലേക്കും ജില്ല ആശുപത്രികളിലേക്കും പോകാതെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകും.

സര്‍ക്കാര്‍ ആശുപത്രി വഴി സൗജന്യമായി മരുന്നുകളും പരിശോധനകളും ലഭിക്കും. എല്ലാ ജില്ലയിലും ഹബുകളും സ്‌പോക്കുകളും തയാറാക്കും. പേഷ്യന്‍റ് ടു ഡോക്ടര്‍ സേവനങ്ങളും ഇ- സഞ്ജീവനി വഴി ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് വീടുകളില്‍തന്നെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുവെന്നതാണ് പ്രത്യേകത.

Tags:    
News Summary - Super specialty services at Family Health Centers through e-Sanjeevani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.