പാലക്കാട് പെട്ടി വിവാദത്തിന്‍റെ തനിയാവർത്തനമാണ് നിലമ്പൂരും നടന്നതെന്ന് സണ്ണി ജോസഫ്

മലപ്പുറം: പാലക്കാട് പെട്ടി വിവാദത്തിന്‍റെ തനിയാവർത്തനം തന്നെയാണ് നിലമ്പൂരിലും നടന്നതെന്ന് നിലമ്പൂരിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞ് പൊലീസ് പരിശോധിച്ചതിനെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. ഇത് ബോധ പൂർവമായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞു നിറുത്തി പൊലീസ് കാറും കാറിനകത്തുള്ള പെട്ടിയും പരിശോധിച്ചതാണ് നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിനിടെ വീണ്ടും വിവാദമായത്. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിൽ വെച്ചാണ് സംഭവം.

ഷാഫി പറമ്പിൽ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സ്വാഭാവിക പരിശോധന മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. കാർ പരിശോധിച്ചതിനു ശേഷം കാറിന്‍റെ ഡിക്കിയിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്ത് പരിശോധിച്ചു. വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് പെട്ടിയിൽ ഉണ്ടായിരുന്നത്.

പരിശോധനക്കിടെ ഷാഫിയും രാഹുലും പൊലീസിനോട് കയർക്കുന്നുണ്ട്. എന്നാൽ എം.പിയേയും എം.എൽ.എയേയും മനസിലായില്ലെന്ന് പൊലീസ് പറഞ്ഞു. പൊട്ടി മുളച്ച് എം.എൽ.എയേയും എം.പിയും ആയതല്ല. ഇതൊക്കെ കുറേ കണ്ടിട്ട് തന്നെയാണ് വന്നതെന്ന് ഷാഫി പറമ്പിൽ പറയുന്നുണ്ട്. ഇടതുപക്ഷ നേതാക്കളുടെ പെട്ടി ഇതുപോലെ പരിശോധിക്കുമോ എന്ന് രാഹുലും ചോദിക്കുന്നു.

എന്നാൽ പരിശോധനയിൽ സി.പി.എമ്മിന് പങ്കില്ലെന്നും സ്വാഭാവികമായ നടപടി മാത്രമാണെന്നും ഇടതുപക്ഷ സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. 

Tags:    
News Summary - Sunny Joseph says Palakkad is a repeat of the Palakkad box controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.