ഭർതൃവീട്ടിലെ ആത്മഹത്യ: സുഫൈദക്ക് മരണത്തിന് മുമ്പ് മർദനമേറ്റിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ട്

കാസർകോട്: ചെങ്കള ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഫാത്തിമത്ത് സുഫൈദക്ക് മരണത്തിന് മുമ്പ് ക്രൂര മർദനമേറ്റിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ പലയിടത്തും മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. പലതും സമീപ ദിവസങ്ങളിലേറ്റ മർദനമാണെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ ഭർത്താവ് ചെങ്കള പാണലത്തെ ആദിൽ റിമാൻഡിലാണ്.

ഭർതൃവീട്ടുകാരുടെ പീഡനത്തെത്തുടർന്ന് സുഫൈദ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രണ്ടുമാസത്തോളം പ്രായമുള്ള പെൺകുട്ടിയുടെ മാതാവാണ് ആത്മഹത്യചെയ്ത 24കാരി ഫാത്തിമത്ത് സുഫൈദ.

ബി.എ, ബി.എഡ് ബിരുദധാരിയാണ് ഫാത്തിമത്ത് സുഫൈദ. നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്നു. ആദിൽ പ്രവാസിയായിരുന്നു. മൂന്നുവർഷത്തെ പ്രണയത്തിനു ശേഷം ഒരുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഭർതൃവീട്ടുകാരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

തിങ്കളാഴ്ച ഒന്നാം വിവാഹവാർഷികം നടക്കാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. സുഫൈദയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സഹോദരൻ ശനിയാഴ്ച രാത്രി പാണലത്തെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ ഭർത്താവ് ആദിൽ പ്രകോപനപരമായി സംസാരിച്ചു. പോയാൽ തിരിച്ചുവരേണ്ടതില്ലെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടുകാരുടെ മുന്നിൽ വച്ച് യുവതി തുരുമ്പ് കളയുന്നതിന് ഉപയോഗിക്കുന്ന രാസലായനി കഴിക്കുകയായിരുന്നു. ഉടൻ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മരിച്ചു. ചെർക്കളടുക്കയിലെ പരേതനായ അബ്ബാസിന്റെയും സഫിയയുടെയും മകളാണ് സുഫൈദ.

ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ഭാഗത്തുനിന്ന് യുവതിക്ക് ശാരീരികവും മാനസികവുമായ ഉപദ്രവമുണ്ടായിരുന്നുവെന്ന് സഹോദരൻ എം.കെ.അബ്ദുൽ വാസിൽ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Tags:    
News Summary - Suicide in in-laws' home: Inquest report reveals that Sufaida was beaten before her death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 04:34 GMT