സ്വാശ്രയ സമരം: ഇടത് ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണം –സുധീരന്‍

ആലപ്പുഴ: സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ സമീപനത്തോട് ഇടത് ഘടകകക്ഷികള്‍ യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. സി.പി.എമ്മിന്‍െറ യുവജനസംഘടനകള്‍ സര്‍ക്കാര്‍ നയത്തെ അംഗീകരിക്കുമെന്ന് കരുതുന്നില്ല. പ്രശ്നം തീരാത്തതുകൊണ്ടാണ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരോഗ്യമന്ത്രി നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്. യു.ഡി.എഫ് ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ വിലക്കിയ സംഭവത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും സ്പീക്കറും ഇടപെടണം. ഒരുകൂട്ടം അഭിഭാഷകര്‍ ഗുണ്ടായിസം കാട്ടുകയാണെന്നും സര്‍ക്കാര്‍ അത് കണ്ടില്ളെന്ന് നടിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തില്‍ നടന്ന പ്രശ്നപരിഹാരശ്രമങ്ങള്‍ ഒരുകൂട്ടം അഭിഭാഷകര്‍ അട്ടിമറിക്കുകയായിരുന്നു. ഹൈകോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇത്തരക്കാരെ ബാര്‍ അസോസിയേഷന്‍ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ സോമാലിയന്‍  കൊള്ള –ഡീന്‍ കുര്യാക്കോസ്
തൊടുപുഴ: കൊള്ളക്കാര്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുത്ത് കൊള്ള മുതലിന്‍െറ പങ്കു പറ്റുന്ന സോമാലിയന്‍ രീതിയിലുള്ള കൊള്ളയാണ് സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്.
യു.ഡി.എഫ് നിയോജക മണ്ഡലം ഏകോപന സമിതി നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊടുപുഴ പി.ഡബ്ള്യു.ഡി ഓഫിസിനു മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫീസ് വര്‍ധനയിലൂടെ പ്രതിവര്‍ഷം 30.35 കോടിയുടെ നേട്ടമാണ് മാനേജ്മെന്‍റുകള്‍ക്ക് ഉണ്ടാകുന്നത്. ഇഷ്ടം പോലെ തലവരി പിരിക്കുന്നതിന് അവസരമൊരുക്കി ഈ വര്‍ഷം 714 കോടിയുടെ നേട്ടവും മാനേജ്മെന്‍റുകള്‍ ഉണ്ടാക്കി. ഇതിനു പിന്നില്‍ നേതാക്കള്‍ വാങ്ങിയ കോടികള്‍ സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷിക്കേണ്ടതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ അസഹിഷ്ണുത അപകടകരം –ഇ.ടി. മുഹമ്മദ് ബഷീര്‍
തിരൂര്‍: സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത അപകടകരമായ പ്രവണതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മെന്‍റുകളുടെ കൊയ്ത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ കള്ളക്കളിയാണ് നടത്തുന്നത്. പ്രതിപക്ഷ സമരത്തെ മുഖ്യമന്ത്രി ആക്ഷേപിക്കുന്നത് ആദ്യ സംഭവമാണ്. സ്വാശ്രയ സ്ഥാപനങ്ങളില്‍ നേതാക്കളുടെ ബന്ധുക്കള്‍ പഠിക്കുന്നതല്ല, സമീപനമാണ് പ്രശ്നം.
 ജെയിംസ് കമ്മിറ്റിയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ 50:50 എന്ന നയം എല്‍.ഡി.എഫ് ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags:    
News Summary - sudheeran, Dean kuriakose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.