മൂഫിയ പർവീന്‍റെ സഹപാഠികൾ പരാതി നൽകാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്തു

ആലുവയിൽ സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൂഫിയ പർവീന്‍റെ സഹപാഠികളായ വിദ്യാർഥികളെ പരാതി നലകാനെത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളടക്കം 23 പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ്​ ലഭിക്കുന്ന വിവരം.

ആലുവ സി.ഐ സുധീറിനെതിരെ പരാതി നൽകാൻ എസ്​.പി ഒാഫീസിൽ എത്തിയപ്പോഴാണ് നടപടി. വിദ്യാർഥികളെ കളമശ്ശേരി എ.ആര്‍ ക്യാമ്പിലേക്ക് മാറ്റാനാണ്​ നീക്കമെങ്കിലും ഇപ്പോൾ എടത്തല പൊലീസ്​ സ്​റ്റേഷനിലാണുള്ളത്​. എടത്തല പൊലീസ്​ സ്​റ്റേഷനു മുന്നിൽ ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്​.

പൊലീസിന്‍റെ സമീപനം വളരെ മോശമായിരുന്നെന്നും സമരം ചെയ്യാന്‍ നിങ്ങളാരാണെന്നും ഭാവി കളയുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. പരാതി നൽകാനെത്തിയ വിദ്യാർഥികളുടെ പ്രതിനിധികളെ പോലും എസ്​.പി ഒാഫീസിലേക്ക്​ കടത്തിവിട്ടില്ലെന്നും ആരോപണമുണ്ട്​. 

ഭർത്താവിനും ഭർത്താവിന്‍റെ മാതാപിതാക്കൾക്കും ആലുവ സി.ഐ സി.എൽ സുധീറിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുള്ള കുറിപ്പെഴുതി വെച്ചാണ്​ നിയമ വിദ്യാർഥിയായ മൂഫിയ പർവീൺ ജീവനൊടുക്കിയത്​. സ്​ത്രീധനമാവശ്യപ്പെട്ട്​ ഭർത്താവും കുടുംബവും പീഡിപ്പിച്ചതിനെ തുടർന്നാണ്​ മൂഫിയ പൊലീസിനെ സമീപിച്ചത്​. എന്നാൽ, ആലുവ സി.ഐ മൂഫിയയെയും പിതാവിനെയും സ്​റ്റേഷനിലേക്ക്​ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. 

സംഭവത്തിൽ സി.ഐ അടക്കമുള്ളവർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരടക്കം സമരരംഗത്തുണ്ട്​. 

മൂഫിയയുടെ മരണം: യൂത്ത് കോൺഗ്രസ്‌ പ്രതിഷേധത്തിൽ സംഘർഷം

നിയമ വിദ്യാർഥിനിയെ മരണത്തിലേക്ക് തള്ളിവിട്ട ആലുവ സി.ഐയെ ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ടും, ഭർതൃവീട്ടുകാർക്ക് എതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ആലുവ പൊലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്‌- കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് മൂന്നുതവണ ജലപീരങ്കി ഉപയോഗിച്ചാണ് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചത്.

പ്രകടനമായി വരുമ്പോൾ തന്നെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചത് പ്രവർത്തകരെ കൂടുതൽ രോഷാകുലരാക്കി. ബാരികേഡുകൾ മറിച്ച് ഇവർ മുന്നോട്ട് കുതിച്ചതോടെ മുതിർന്ന നേതാക്കൾ എത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. തുടർന്ന് നടന്ന പ്രതിഷേധ യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോപണ വിധേയനായ സി.ഐക്ക് എതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.



Tags:    
News Summary - students were taken into custody when they came to lodge a complain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.