കോഴിക്കോട്: പന്തീരാങ്കാവിൽ വിദ്യാർഥിയെ വെടിയേറ്റ് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തി. പാറകുളത്തെ മനാൽ ഹൗസിൽ കാർത്തിക് (19) ആണ് മരിച്ചത്. തൊണ്ടയാട് റൈഫിൽ ക്ലബ്ബിൽ അംഗമായിരുന്നതിനാൽ ലൈസൻസുള്ള തോക്ക് കാർത്തികിന്റെ കൈവശം ഉണ്ടായിരുന്നു.
ഇത് ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. നെറ്റിയിൽ വെടിയുണ്ട തറച്ച അടയാളമുണ്ട്. മുറിക്കുള്ളിൽനിന്ന് തോക്കിൽ ഉപയോഗിക്കുന്ന ഒരു തിരയുടെ കവർ കിട്ടി. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിക്കു ശേഷം വീട്ടിലെത്തിയ മാതാപിതാക്കളാണ് മുകൾനിലയിൽ അകത്തുനിന്ന് കുറ്റിയിട്ട മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കാർത്തിക്കിനെ കണ്ടത്.
ഉടൻതന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലിസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അബദ്ധത്തിൽ പൊട്ടിയതാണോ, അതോ സ്വയം വെടിയുതിർത്തതാണോ എന്നുള്ള കാര്യത്തിൽ കൂടൂതൽ അന്വേഷണത്തിനും പോസ്റ്റ്മോർട്ടത്തിനും ശേഷമേ പറയാൻ പറ്റുകയൊള്ളുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.