തിരുവല്ല (പത്തനംതിട്ട): നിരണത്ത് വീട്ടുമുറ്റത്തെ കിണറിനുള്ളിൽനിന്നും വിഷ ദ്രാവകത്തിന്‍റേതിന് സമാനമായ രൂക്ഷഗന്ധം ഉയർന്ന സംഭവം വഴിത്തിരിവിലേക്ക്. രൂക്ഷഗന്ധം അനുഭവപ്പെട്ട കിണറിന് സമീപത്തുനിന്നും വിഷദ്രാവകത്തിന്‍റെ ഗന്ധമുള്ള കുപ്പിയുടെ അടപ്പ് ലഭിച്ചു. ഇതേതുടർന്ന് വീട്ടുടമ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
നിരണം പതിമൂന്നാം വാർഡിൽ തോട്ടടി പടിഞ്ഞാറേ പുരയ്ക്കൽ വീട്ടിൽ ട്യൂഷൻ അധ്യാപകനായ കെ. തമ്പിയുടെ വീട്ടിലെ കിണറിലെ വെള്ളത്തിലാണ് ബുധനാഴ്ച വൈകിട്ടോടെ ഗന്ധം അനുഭവപ്പെട്ടത്. വൈകിട്ട് ആറുമണിയോടെ തമ്പിയുടെ ഭാര്യ ഫിലോമിന കുളിക്കുന്നതിനായി ബാത്റൂമിൽ കയറി ടാപ്പ് തുറന്നപ്പോഴാണ് വെള്ളത്തിന് രൂക്ഷഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് ഭർത്താവ് തമ്പിയെ വിളിച്ചു.
ഇരുവരും ചേർന്ന് കിണറിന്റെ പരിസരവും മറ്റും പരിശോധിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. സമീപത്തെ കിണറുകളിൽ പ്രദേശവാസികൾ ചേർന്ന് പരിശോധന നടത്തിയെങ്കിലും അവയിൽ ഒന്നും രൂക്ഷഗന്ധം അനുഭവപ്പെട്ടിട്ടില്ല. തുടർന്നുള്ള ദിവസങ്ങളിലും വെള്ളത്തിന് ഗന്ധം അനുഭവപ്പെട്ടതോടെ സമീപവാസികൾ ചേർന്ന് തമ്പിയുടെ വീടിന് സമീപം വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് കുപ്പിയുടെ അടപ്പ് കണ്ടെടുത്തത്. തുടർന്നാണ് തമ്പി പരാതിയുമായി പോലീസിനെ സമീപിച്ചത്.
സംഭവം അറിഞ്ഞ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി കിണറിലെ വെള്ളം പരിശോധനക്ക് എടുത്തിരുന്നു. എന്നാൽ രാസവസ്തു കലർത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിനുള്ള പരിശോധന പ്രാദേശികമായി ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും എറണാകുളം കാക്കനാട്ടെ ലാബിൽ ഇതിനുള്ള സൗകര്യം ഉള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചതായും തമ്പി പറയുന്നു. പോലീസിന്‍റെ അന്വേഷണത്തിൽ സംഭവത്തിലെ യാഥാർഥ്യം വെളിവാവും എന്ന വിശ്വാസത്തിലാണ് തമ്പിയും കുടുംബവും. വെള്ളത്തിൽനിന്നും രൂക്ഷഗന്ധം ഉയരുന്നതായുള്ള പരാതി സംബന്ധിച്ച് മാധ്യമം വ്യാഴാഴ്ച വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.