തിരുവനന്തപുരം (കിളിമാനൂർ) : പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വ്യക്തികളുടെ മെഡിക്കൽ പരിശോധന നടത്തിയ ശേഷം മാത്രമേ സ്റ്റേഷൻ പാറാവിൽ സൂക്ഷിക്കാൻ പാടുള്ളൂവെന്ന നിർദേശം കർശനമായി നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശം കീഴുദ്യോഗസ്ഥർക്ക് നൽകണമെന്നും കമീഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
തലയോലപറമ്പിൽ നിന്നും ഓട്ടോറിക്ഷയിൽ തിരികെ വരുമ്പോൾ കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപത്തു നിന്നും തങ്ങളെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന തേനീച്ച കർഷകരുടെ പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. പരാതിയിൽ 2024 ജൂൺ 28ന് കമീഷൻ ഒരുത്തരവ് പാസാക്കിയിരുന്നു.
കർഷകർക്ക് മർദനമേറ്റതിന് തെളിവില്ലെന്ന് ജില്ലാ പൊലീസ് മേധാവി (റൂറൽ) കമീഷനെ അറിയിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരുന്ന വ്യക്തികളെ മെഡിക്കൽ പരിശോധന നടത്തിയ ശേഷം മാത്രമേ സ്റ്റേഷൻ പാറാവിൽ സൂക്ഷിക്കാൻ പാടുള്ളുവെന്ന നിർദേശം കിളിമാനൂർ പൊലീസ് പാലിച്ചിട്ടില്ല. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി.
ഇത്തരം വീഴ്ചകൾ മേലിൽ ആവർത്തിക്കരുതെന്ന് ശക്തമായ താക്കീത് മെമ്മോ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം സ്വദേശി സജി എസ്.വി. സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.