എൻ.എച്ച് 66ൽ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഉയരപ്പാതകളില്‍ 40 ശതമാനവും പില്ലറില്‍ തീർക്കാൻ നടപടി

കൊല്ലം: കേരളത്തിലെ ദേശീയപാത 66 ല്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഉയരപ്പാതകളില്‍ 40 ശതമാനവും പില്ലറില്‍ തീര്‍ത്ത ഉയരപ്പാതകളാക്കി മാറ്റാനുളള നടപടി പുരോഗമിച്ചു വരുന്നതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്.

മണ്ണില്‍ നിര്‍മ്മിച്ച ഉയരപ്പാതകളുടെ ഉയരവും നിര്‍മ്മാണ സ്ഥലത്തെ മണ്ണിന്‍റെയും ഭൂഘടനയുടെയും സ്വഭാവവും ഗുണനിലവാരവും വിലയിരുത്തിയുളള ശാസ്ത്രീയമായ പരിശോധനയുടെയും പഠനത്തിന്‍റെയും അടിസ്ഥാനത്തില്‍ ഏതൊക്കെ ഉയരപ്പാതകളാണ് പുനര്‍നിര്‍മ്മിക്കേണ്ടതെന്ന് തീരുമാനമെടുക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

മണ്ണ് കൊണ്ട് നിര്‍മ്മിച്ച ഉയരപ്പാതകള്‍ പില്ലറില്‍ തീര്‍ത്ത പാതകളായി മാറ്റുവാന്‍ ഏകദേശം 3500 കോടി രൂപയുടെ അധികചെലവാണ് കണക്കാക്കിയിരിക്കുന്നത്. കൊല്ലം കൊട്ടിയം മൈലക്കാടിന് സമീപം മണ്ണില്‍ തീര്‍ത്ത ഉയരപ്പാത തകര്‍ന്നതിനെ തുടര്‍ന്ന് പകരം പില്ലറില്‍ തീര്‍ത്ത ഉയരപ്പാത നിര്‍മ്മിക്കണമെന്ന് കേന്ദ്ര ദേശീയപതാ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയോട് ആവശ്യപ്പെടുകയും വിഷയം ലോകസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

ലോകസഭയില്‍ മന്ത്രി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മണ്ണില്‍ തീര്‍ത്ത ഉയരപ്പാതകള്‍ക്ക് പകരം പില്ലറില്‍ തീര്‍ത്ത ഉയരപ്പാതകള്‍ നിര്‍മ്മിക്കുന്നതിനുളള തുടര്‍ നടപടികൾ ആരംഭിച്ചത്. കൊല്ലം ജില്ലയിലെ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഉയരപ്പാതകള്‍ പൂര്‍ണ്ണമായും പില്ലറില്‍ തീര്‍ത്ത ഉയരപ്പാതകളായി മാറ്റണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

Tags:    
News Summary - Steps to complete 40 percent of the earthen elevated roads in NH 66 on pillars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.