തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിൻഫ്ര, സിഡ്കോ, കേരള സംസ്ഥാന വ്യവസായ കോർപറേഷൻ എന്നിവയുടെ വ്യവസായ എസ്റ്റേറ്റുകളിലെയും പാർക്കുകളിലെയും ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ഏകീകൃത നയം (യൂനിഫൈഡ് ലാൻഡ് ലീസ് പോളിസി) രൂപവത്കരിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി വ്യവസായ മന്ത്രി പി. രാജീവ്. വ്യവസായ ആവശ്യത്തിന് നൽകിയിരിക്കുന്ന ഭൂമിയുടെ കൈമാറ്റ വ്യവസ്ഥയിൽ കാലാനുസൃത മാറ്റം കൊണ്ടുവരാനുള്ള ശ്രമം നയത്തിന്റെ ഭാഗമാക്കും.
‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയിൽ ഫെബ്രുവരി 20 വരെ 1,33,916 സംരംഭങ്ങൾ ആരംഭിക്കാനായി. 2,87,822 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇതിൽ പഴയ സംരംഭങ്ങളുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്.
പരിശോധനയിൽ ഇങ്ങനെ കണ്ടെത്തിയാൽ അവയെ പുതിയ സംരംഭങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തില്ല. ദേശീയതലത്തിൽ സൂക്ഷ്മ ചെറുകിട സ്ഥാപനത്തിൽ ശരാശരി 1.75 തൊഴിലാളികൾ പ്രവർത്തിക്കുമ്പോൾ കേരളത്തിൽ 2.15 ആണ്. സംസ്ഥാനത്ത് വ്യവസായ നടത്തിപ്പിനുള്ള കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കാനും വ്യവസ്ഥകൾ ലഘൂകരിക്കാനുമുള്ള പഠന റിപ്പോർട്ട് വർക്കിങ് കമ്മിറ്റികളിൽ ചർച്ച ചെയ്ത് ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനകം എട്ട് സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിച്ചു. 10 ഏക്കറോ അതിനുമുകളിലോ ഭൂമിയുണ്ടെങ്കിൽ വ്യവസായ പാർക്കിന് അപേക്ഷ സമർപ്പിക്കാം. വ്യക്തികൾ, ട്രസ്റ്റുകൾ, കൂട്ടുസംരംഭങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവർക്ക് സ്വകാര്യ വ്യവസായ പാർക്കുകൾ നടത്താം. ഏക്കർ ഒന്നിന് 30 ലക്ഷം എന്ന നിരക്കിൽ പരമാവധി മൂന്ന് കോടി രൂപ വരെ ധനസഹായം സർക്കാർ നൽകും. ഭൂമിയുടെ വിസ്തൃതി അഞ്ച് ഏക്കർ മാത്രമേ ഉള്ളൂവെങ്കിലും പദ്ധതിയുടെ ഭാഗമാകാമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.