തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ വരവേൽക്കാൻ പൂരനഗരി സജ്ജമായി. തൃശൂർ പൂരത്തിന്റേതിന് സമാനമായ ഒരുക്കങ്ങളോടെയാണ് 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയൊരുങ്ങുന്നത്. ഇനി എട്ടാം നാൾ കൗമാര കലയുടെ പൂരത്തിന് കൊടിയുയരും. ജനുവരി 14 മുതൽ 18 വരെ നടക്കുന്ന മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിലുള്ള ഉദ്ഘാടനപരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഇലഞ്ഞിത്തറ മേളവും 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും.
14ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തുന്നതോടെ മേളക്ക് ഔദ്യോഗിക തുടക്കമാകും. ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മറ്റു മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടാണ് പ്രധാനവേദി. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ വിദ്യാർഥികൾ മാറ്റുരക്കും. വേദികൾക്ക് വിവിധ ഗന്ധമുള്ള പൂക്കളുടെ പേരാണ് നൽകിയിട്ടുള്ളത്. ‘ഉത്തരവാദിത്ത കലോത്സവം’ എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. ഇതിന്റെ വിശദീകരണം ഉദ്ഘാടന വേദിയിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി നിർവഹിക്കും.
ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കും. പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളാണ് തീം സോങ് ഒരുക്കിയത്. വാർത്തസമ്മേളനത്തിൽ മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.