സ്കൂൾ പ്രവേശനോത്സവ ഗാനം എഴുതിയ വിദ്യാർഥിനി ഭദ്ര ഹരിക്ക് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന സംസ്ഥാന പ്രവേശനോത്സവ ഉദ്‌ഘാടന ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൈമാറുന്നു
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ രണ്ടിന് നടക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകും.
കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച് എസ്.എസിലെ വിദ്യാർഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് പ്രവേശനോത്സവ ഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും.
പ്രവേശനോത്സവത്തിന്റെ ഭാഗമായി 3000 പേർക്ക് സദ്യയൊരുക്കും. മേയ് 31ന് 5000 പേർ പങ്കെടുക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും. എല്ലാ സ്‌കൂളുകളിലും പരിപാടി തൽസമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് പ്രവേശനോത്സവ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. ഭദ്ര ഹരിയെ പ്രവേശനോത്സവ ദിവസത്തിൽ വിശിഷ്ട അതിഥിയായി കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേയ്ക്ക് ക്ഷണിക്കുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.