പി.കെ. ശശിയെ തരംതാഴ്ത്തൽ: നടപടി നിഷേധിച്ച് സംസ്ഥാന നേതൃത്വം
പാലക്കാട്: കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി അംഗവുമായ മുന്‍ എം.എല്‍.എ പി.കെ. ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ ജില്ല സെക്രട്ടേറിയറ്റ് നടപടിയിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. പാർട്ടി അന്വേഷണ കമീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലെടുത്ത തീരുമാനം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സംസ്ഥാന നേതൃത്വം ശശിക്കനുകൂലമെന്ന് തോന്നിപ്പിക്കുന്ന ഇടപെടൽ നടത്തി നടപടി നിഷേധിച്ചത്. തരംതാഴ്ത്തൽ വെറും ഊഹാപോഹം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തദ്ദേശമന്ത്രി എം.ബി. രാജേഷ്, ജില്ല സെക്രട്ടറി ഇ.എം. സുരേഷ് ബാബു എന്നിവർ വിവിധയിടങ്ങളിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
പി.കെ. ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍നിന്നും ഒഴിവാക്കാനായിരുന്നു ജില്ല സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ശശിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ അന്വേഷണ കമീഷൻ അംഗങ്ങളായ പുത്തലത്ത് ദിനേശൻ, ആനാവൂർ നാഗപ്പൻ എന്നിവരുടെ അന്വേഷണത്തിൽ, ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തത്. വിഭാഗീയ പ്രവര്‍ത്തനങ്ങളും തമ്മിലടിയും രൂക്ഷമായ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്കു കീഴിലെ യൂനിവേഴ്സല്‍ കോളജിനുവേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയിലാണ് നടപടി. ധനസമാഹരണം പാര്‍ട്ടി അറിഞ്ഞില്ലെന്നും ഈ തുക ദുര്‍വിനിയോഗം നടത്തിയെന്നുമാണ് ശശിക്കെതിരായ ആരോപണം. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ. മന്‍സൂറാണ് സംസ്ഥാന, ജില്ല നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നത്.
പി.കെ. ശശിക്കെതിരായ നടപടി പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എം. സുരേഷ്ബാബു പ്രതികരിച്ചു. ‘‘പറയാനുള്ളത് പൊതുസമൂഹത്തോട് പറയാൻ മടിയില്ലാത്ത പാർട്ടിയാണ് സി.പി.എം. ഇത്തരം ഊഹാപോഹങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യം പാർട്ടിക്കില്ല. പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള നടപടികൾ മാത്രമാണ് യോഗത്തിൽ ചർച്ചയായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.