രാജേന്ദ്ര ആർലേക്കർ
‘വന്ദേമാതരം’ തടയാനുള്ള ചിന്തകളെ കുഴിച്ചുമൂടണമെന്ന് ഗവർണർ; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിൽ കർശന നടപടി ആവശ്യപ്പെട്ടു
കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ ‘വന്ദേമാതരം’ ദേശീയ സെമിനാറിനെതിരെ നടന്ന വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ഇന്നലെ നടന്ന പ്രതിഷേധത്തിന് പിന്നിൽ ചില അജണ്ടകളുണ്ടെന്നും വന്ദേമാതരത്തിനെതിരായ നീക്കമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വന്ദേമാതരം നമ്മുടെ അഭിമാനമാണ്. എന്നും അങ്ങനെ തന്നെ തുടരും. ആർക്കും അത് തടയാനാകില്ല. വന്ദേമാതരത്തെ തടയാനുള്ള ചിന്തകളെ ഭൂമിക്കടിയിലേക്ക് കുഴിച്ചുമൂടണം. വന്ദേമാതരത്തിനെതിരെ പറയുന്നവർ മുന്നോട്ടു വരട്ടെ. നമ്മളും ഇവിടെ ശക്തമായി ഉറച്ചുനിൽക്കും. ഈ പ്രതിഷേധങ്ങളിൽ നടപടി സ്വീകരിക്കേണ്ടതുണ്ട്. വന്ദേമാതരത്തെ കുറിച്ച് പഠിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർവകലാശാലക്കുണ്ട്’ -ഗവർണർ വ്യക്തമാക്കി.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർവകലാശാലയിലെ ലൈബ്രറി സെമിനാർ ഹാളിലാണ് ഇന്നലെയും ഇന്നുമായി ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചത്. സാഹിത്യ അക്കാദമിയും അഖില ഭാരതീയ സാഹിത്യ പരിഷത്തും കേന്ദ്ര സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ, ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായി പ്രവർത്തിക്കുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാർ ആയിരുന്നു മുഖ്യപ്രഭാഷകൻ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതിലും പ്രതിഷേധമുയർന്നിരുന്നു.
വിദ്യാർഥികളുടെ അക്കാദമിക പരിജ്ഞാനം ഉയർത്തുന്നതിന് നടത്തുന്ന സെമിനാറിൽ ജെ. നന്ദകുമാർ പ്രഭാഷണം നടത്തുന്നത് വിദ്യാർഥികളുടെ ബോധനിലവാരത്തെ പരിഹസിക്കുന്നതാണെന്നും കുട്ടികളുടെ ജ്ഞാന നിർമിതിയേക്കാൾ കാവിവത്കരണത്തിന് മുൻതൂക്കം നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും വിദ്യാർഥി സംഘടനകൾ ആരോപിച്ചിരുന്നു. പ്രതിഷേധം അറിയിച്ച് എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എം.എസ്.എഫ് സംഘടനകൾ വൈസ് ചാൻസലർക്ക് കത്തയക്കുകയും ചെയ്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.