മധ്യവയസ്കരിൽ ജീവനൊടുക്കുന്ന പ്രവണത വർധിക്കുന്നു; ആറുമാസത്തിനിടെ 1,743 മരണം

തൊടുപുഴ: സംസ്ഥാനത്ത്​ ആത്മഹത്യ നിരക്കുകളിൽ ആശങ്കജനകമായ വർധന. 2016 മുതൽ 2026 ജൂൺ വരെയുള്ള കാലയളവിലെ കണക്കുകൾ പരിശോധിച്ചാൽ 50 വയസ്സിന്​ മുകളിലുള്ളവരിലാണ്​ ആത്മഹത്യ നിരക്ക്​ ഉയർന്നു നിൽക്കുന്നത്​​. 30-50 വയസ്സ്​ വരെയുള്ളവരിലും വർധനയുണ്ട്. 50ന്​ മുകളിലുള്ളവരിൽ 2016ൽ 2,536 ആയിരുന്ന മരണസംഖ്യ 2024 ആയപ്പോൾ 4,458 ആയി കുതിച്ചു. 2026 ജനു​വരി മുതൽ ജൂൺ വരെയുള്ള കണക്കിൽ സംഖ്യ 1,743ലെത്തി നിൽക്കുകയാണ്​.

വയോജനങ്ങളിൽ സാമ്പത്തിക പ്രതിസന്ധി, രോഗഭയം, ഒറ്റപ്പെടൽ, മാനസിക സമ്മർദം എന്നിവ വർധിക്കുന്നതാണ്​ ജീവിതം അവസാനിപ്പിക്കാൻ ​കാരണമാകുന്നതെന്നാണ്​ മനഃശാസ്ത്ര വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​. കുടുംബപരമായ ഉത്തരവാദിത്തങ്ങളും സാമ്പത്തിക ബാധ്യതകളും ഏറുന്ന 30 മുതൽ 50 വയസ്സ്​ വരെയുള്ളവരുടെ കാര്യം പരിശോധിച്ചാൽ, ആത്മഹത്യ നിരക്ക് ഇക്കാലയളവിൽ​ 2,000ൽനിന്ന്​ 2,840ലേക്ക്​ ഉയർന്നു.

18-30 പ്രായമുള്ള യുവാക്കളുടെ വിഭാഗത്തിൽ, 2016ൽ 987 ആയിരുന്നത് 2023ൽ 1,302 ആയി വർധിച്ചു. 2024ൽ 1271, 2025ൽ 1293 എന്നിങ്ങനെയും ഉയർന്നു. ലഹരി ഉപയോഗം, തൊഴിലില്ലായ്മ, സാമ്പത്തിക സമ്മർദങ്ങൾ, പ്രണയ നൈരാശ്യം എന്നിവയാണ്​ ഇവരിൽ ഭൂരിഭാഗം പേരുടെയും മരണത്തിന്​ ഇടയാക്കിയത്.

വിദ്യാർഥികൾക്കിടയിലെ ആത്മഹത്യയും വർധിക്കുകയാണ്. 2016ൽ 103 ആയിരുന്നത്​ 2024ൽ 176ലെത്തി. 2026ൽ ജൂൺ വരെ 86 പേരാണ് ജീവിതം അവസാനിപ്പിച്ചത്. പരീക്ഷാ ഭയം, കുടുംബ പ്രശ്നങ്ങൾ, സൈബർ\മൊബൈൽ അഡിക്ഷൻ എന്നിവ കുട്ടികളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​.

പത്ത്​ വർഷത്തിനി​ടെ സംസ്ഥാനത്ത്​ 96,809 ആത്​മഹത്യകളാണ്​ റിപ്പോർട്ട്​ ചെയ്തത്​. ഇവരിൽ 75,689 പേർ പുരുഷൻമാരും 21,109 സ്ത്രീകളും 11 ട്രാൻസ്​​ജെൻഡറുകളുമാണ്. കൂടാതെ പല പ്രധാന നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും ആത്മഹത്യ വർഷംതോറും ഉയരുന്നതായാണ്​ കണക്കുകൾ.

സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്യുന്നത്​ തിരുവനന്തപുരം റൂറൽ പരിധിയിലാണ്​. 2016ൽ 853 ആയിരുന്നത്​ 2023ൽ 1,201ലും 2025ൽ 1,108ലുമെത്തി. കേസുകളിലേക്കും എത്തി. സിറ്റി മേഖലയെ അപേക്ഷിച്ച്​ റൂറൽ മേഖലകളിൽ മൂന്നിരിട്ടിയിലധികമാണ്​ ആത്മഹത്യ നിരക്ക്​. എറണാകളും, തൃശൂർ, കോഴിക്കോട്​ ജില്ലകളിലും സിറ്റി പരിധിയേക്കാൾ കൂടുതൽ റിപ്പോർട്ട്​ ചെയ്യുന്നത്​ റൂറലിലാണ്​. സ്ഥിരമായി ഉയർന്ന നിരക്ക്​ രേഖപ്പെടുത്തുന്ന ജില്ലകളിലൊന്നാണ്​ പാലക്കാട്​. 2016ൽ 732 ആയിരുന്നത്​ 2023ൽ 937, 2024ൽ 902, 2025ൽ 899 എന്നിങ്ങനെയാണ്​ ഉയർന്നത്​.

കോവിഡ്​ കാലഘട്ടത്തിനുശേഷം മിക്ക ജില്ലകളിലും ആത്മഹത്യ നിരക്കിൽ കാര്യമായ വർധനവുണ്ട്. വിവിധ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടവരുടെ കണക്കുകൾ പരിശോധിച്ചാൽ 10 വർഷത്തിനിടെ ആറ്​ കർഷകരാണ്​ ജീവനൊടുക്കിയത്​. മരിച്ചവരിൽ 1067 പേർ സർക്കാർ ജോലിക്കാരും 12,136 പേർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമാണ്​. 4,150 വിദ്യാർഥികളും ഉൾപ്പെടുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക. ഫോൺ: 1056, 0471-2552056.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.