'ആർഎസ്എസ് ഗോ ബാക്ക്, ക്യാമ്പസ് കാവിവൽക്കരിക്കാൻ അനുവദിക്കില്ല'; കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിരോഷം
കാസർകോട്: കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ ആർ.എസ്.എസ് നേതാവിനെ മുഖ്യാതിഥിയാക്കിയതിൽ വൻ വിദ്യാർഥി പ്രതിഷേധം. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംഘ്പരിവാർ നേതാക്കളെ ഉൾപ്പെടുത്തിയതിനെതിരെയാണ് വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയത്.
പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാറിനെ സെമിനാറിന്റെ മുഖ്യപ്രഭാഷകനായി ക്ഷണിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പരിപാടിയുടെ സഹസംഘാടകരായി അഖില ഭാരതീയ സാഹിത്യ പരിഷത്ത് എത്തിയതും വിദ്യാർഥികൾ ചോദ്യം ചെയ്തു. വന്ദേമാതരത്തിന്റെ വാർഷികം ആചരിക്കുന്നതിനെയല്ല, മറിച്ച് ക്യാമ്പസിലെ പരിപാടികളിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നതിനെയാണ് എതിർക്കുന്നതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.
'ആർ.എസ്.എസ് ഗോ ബാക്ക്', 'ഇത് സംഘികൾക്ക് വേണ്ടിയുള്ള പരിപാടിയല്ല', 'ശാഖയിൽ പാടേണ്ടത് ശാഖയിൽ, സർവകലാശാലയിലല്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ക്യാമ്പസിലെ പ്രതിഷേധം. സെമിനാർ നടക്കുന്ന ലൈബ്രറി ഹാളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച വിദ്യാർഥികളെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ ക്യാമ്പസിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഒക്ടോബർ ആറ്, ഏഴ് തീയതികളിലായാണ് സർവകലാശാലയിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.