സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നിർണായക പരിഹാരമായെന്ന് മുഖ്യമന്ത്രി; എൻടിപിസിയുമായി ചർച്ച നടത്തി
ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നിരവധി നിർണായക തീരുമാനങ്ങളെടുത്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിൽ കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻ.ടി.പി.സി അധികൃതരുമായി ചർച്ച നടത്തിയതിനു പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഊർജ സംഭരണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി കായംകുളത്ത് 2000 MWh ശേഷിയുള്ള കൂറ്റൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കും. കെ.എസ്.ഇ.ബി, എൻ.ടി.പി.സി, എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) എന്നിവർ സംയുക്തമായാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഇതിനായുള്ള ധാരണാപത്രം ഉടൻ ഒപ്പുവെക്കും. കൂടാതെ, പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 MWh വീതം ശേഷിയുള്ള 'ബെസ്' പദ്ധതികൾ 2027 മാർച്ചോടെ കമീഷൻ ചെയ്യാനും ധാരണയായിട്ടുണ്ട്. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്രയിലെ എൻ.ടി.പി.സി സിന്നർ പദ്ധതിയിൽ നിന്ന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 5.18 രൂപ നിരക്കിലാണ് ഈ വൈദ്യുതി കേരളത്തിന് കൈമാറുക.
കേരളത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യകത പരിഗണിച്ച് സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് എൻ.ടി.പി.സിയോട് ആവശ്യപ്പെട്ടു. രാമഗുണ്ടം പവർ പ്ലാന്റിൽനിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാർ ഒപ്പുവെക്കാനുള്ള സന്നദ്ധതയും എൻ.ടി.പി.സി അറിയിച്ചതായി മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് നിർണായക പരിഹാര നടപടികൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ NTPCയുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയിൽ കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നിരവധി നിർണായക തീരുമാനങ്ങളെടുത്തു.
🔋 കായംകുളത്ത് 2000 MWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS):
KSEB, NTPC, NTPC Green Energy Limited (NGEL) എന്നിവർ ചേർന്ന് പദ്ധതി നടപ്പാക്കുന്നതിനായി ധാരണാപത്രം ഒപ്പുവയ്ക്കും.
🔋 160 MWh BESS പദ്ധതികൾ 2027 മാർച്ചോടെ:
പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 MWh വീതമുള്ള BESS പദ്ധതികൾ കമ്മീഷൻ ചെയ്യും.
⚡ സിന്നറിൽ നിന്ന് 300 MW വരെ വൈദ്യുതി:
മഹാരാഷ്ട്രയിലെ NTPC സിന്നർ പദ്ധതിയിൽ നിന്ന് കേരളത്തിന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് ₹5.18 നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്.
☀️ കായംകുളം 27 MW സോളാർ പദ്ധതി:
NTPC നടപ്പാക്കുന്ന പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും ആവശ്യമായ സംസ്ഥാന സഹകരണം ഉറപ്പാക്കാനും തീരുമാനമായി.
🏭 കേരളത്തിന് സമർപ്പിത വൈദ്യുതി നിലയം:
കേരളത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യകത പരിഗണിച്ച് സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് NTPCയോട് ആവശ്യപ്പെട്ടു. രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള Power Purchase Agreement ഒപ്പുവയ്ക്കാനുള്ള സന്നദ്ധതയും NTPC അറിയിച്ചു.
🛠️ KSEBയ്ക്ക് സാങ്കേതിക പിന്തുണ:
മാനേജ്‌മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി NTPCയുടെ പ്രൊഫഷണൽ, സാങ്കേതിക വൈദഗ്ധ്യം KSEBയ്ക്ക് ലഭ്യമാക്കും.
പുനരുപയോഗ ഊർജം, ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, ദീർഘകാല വൈദ്യുതി സുരക്ഷ — കേരളത്തിന്റെ ഊർജ ഭാവി കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പുകളാണ് ഈ തീരുമാനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.