എയിംസിൽ കേരളത്തിന് മുൻഗണനയില്ല; ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനാണ് താൽപര്യമെന്നും കേന്ദ്രം

കൊച്ചി: എയിംസിൽ കേരളത്തിന് തിരിച്ചടി! കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് മുൻഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താൽപര്യമെന്നും കേന്ദ്രം ഹൈകോടതിയെ അറിയിച്ചു.

കേരളം ആരോഗ്യ രംഗത്ത് മികച്ചതാണെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, കേരളം എയിംസ് അർഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കേരളത്തിന് എന്താണ് അയോഗ്യതയെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. ആരോഗ്യം മെച്ചപ്പെട്ടത് അയോഗ്യതയാണോ എന്നും ജനസാന്ദ്രതയേറിയ കേരളത്തിലെ സാധാരണക്കാർക്ക് വൻകിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

കേരളം എയിംസിന് അർഹമാണെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, വിഷയത്തിൽ ആറാഴ്ചക്കകം കൃത്യമായ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകി. കഴിഞ്ഞ 11 വർഷമായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്. ഇതിനായി കോഴിക്കോട് കിനാലൂരിൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും ഫലമുണ്ടായില്ല. കേരളത്തിന്‌ എയിംസ്‌ നൽകുമെന്ന വാഗ്ദാനം കേന്ദ്രം ആവർത്തിക്കുകയല്ലാതെ അതിനുള്ള നടപടികളൊന്നും ഉണ്ടായില്ല.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഉപരാഷ്ട്രപതി കേരളത്തിന്‌ എയിംസ്‌ എന്ന സ്വപ്‌നം വൈകാതെ സാക്ഷാത്‌കരിക്കുമെന്ന് പറഞ്ഞിരുന്നു. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്ര മന്ത്രി സുരഷ് ഗോപിയും ആവർത്തിക്കുന്നുണ്ട്. എയിംസ് കേരളത്തിൽ വരണം എന്നാണ് തന്‍റെ ആഗ്രഹമെന്നും യോഗ്യമായ സ്ഥലം തൃശൂർ ആണെന്നും കഴിഞ്ഞദിവസം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ ബി.ജെ.പി എം.പി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എന്നാൽ, തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

എയിംസ് വിഷയം വിശദീകരിച്ചു മടുത്തു. കേരളം സമർപ്പിച്ച ഒമ്പത് സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് തൃശൂരിനെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണ്. താൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ല. തൃശൂരാണ് ഏറ്റവും മികച്ച സ്ഥലമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.

Tags:    
News Summary - No priority for Kerala in AIIMS -Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.