സംസ്ഥാന സർക്കാറിന് തിരിച്ചടി: 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ പൊളിക്കണം, ആശങ്കയിൽ കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര നിർദേശത്തിൽ കെ.എസ്.ആർ.ടി.സിയിൽ ആശങ്ക. സംസ്ഥാന സർക്കാറിന് കീഴിലും കേന്ദ്ര സർക്കാറിന് കീഴിലും ഉപയോഗിക്കുന്ന സർക്കാർ വാഹനങ്ങൾ പൊളിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.

സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമായി ഉയർത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് ഇപ്പോഴുള്ള കേന്ദ്ര നിർദേശം തിരിച്ചടിയാണ്. കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാന സർക്കാറിന്റെ നിയമഭേദഗതി നിലനിൽക്കില്ലെന്ന് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തിൽ പറയുന്നു. കാലാവധി വർധിക്കുന്നതിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ട്രാൻസ്പോർട്ട് കമീഷണർക്ക് നൽകിയ കത്തിൽ പറയുന്നു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഗതാഗത മന്ത്രിയായ കെ.ബി. ഗണേഷ്‌കുമാറാണ് സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമായി ഉയർത്തിയത്. ഇവക്ക് ഇൻഷുറൻസ് നൽകാൻ സ്റ്റേറ്റ് ഇൻഷുറൻസ് സർവിസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത് നിയമവിരുദ്ധമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

സംസ്ഥാനത്ത് 15 വർഷം പഴക്കമുള്ള 1,117 ബസുകൾക്കും വർക്ക്ഷോപ്പ് വാൻ, ജീപ്പ്, ടാങ്കർ തുടങ്ങിയ കെ.എസ്.ആർ.ടി.സിയുടെ 153 അനുബന്ധ വാഹനങ്ങൾക്കുമാണ് രണ്ടുവർഷം കൂടി കാലാവധി നീട്ടിനൽകിയത്. ഇവയുടെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും. മേയ് 31 വരെയുള്ള കണക്ക് പ്രകാരം 2014 ബസുകളാണ് 15 വർഷ കാലാവധി കഴിഞ്ഞത്. കേന്ദ്രത്തിന്റെ വാഹനം പൊളിക്കൽ നയപ്രകാരം 15 വർഷം കഴിഞ്ഞ പൊതുമേഖല വാഹനങ്ങൾ നിരത്തിൽനിന്ന് നീക്കണമെന്ന് നിർദേശം വന്നെങ്കിലും പുതിയ ബസുകൾ വാങ്ങാനുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ കാലാവധി നീട്ടി നൽകിയത്.

15 വർഷം കഴിഞ്ഞ ബസിന്റെ ഷാസി, ബ്രേക്ക്, സസ്പെൻഷൻ എന്നിവയുടെ ബലം കുറയും എന്നതിനാലാണ് അവ മാറ്റാൻ കേന്ദ്രനിയമം അനുശാസിക്കുന്നത്. സ്വകാര്യ, പൊതുഗതാഗത ബസുകൾക്ക് 15 വർഷത്തിന് ശേഷം സർവിസ് നടത്തണമെങ്കിൽ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളിൽ നിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളിൽ പൊതുഗതാഗത സംവിധാനത്തിൽ 15 വർഷം കഴിഞ്ഞ ബസുകൾ സർവിസ് നടത്തുന്നുണ്ടെന്നും കാലാവധി കഴിഞ്ഞ ബസുകളുടെ ഫിറ്റ്നസ് നടപടി പൂർത്തിയാക്കി വീണ്ടും ഓടാൻ കഴിയുമെന്നുമാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ പ്രതീക്ഷ.

Tags:    
News Summary - Setback for the state government: 15-year-old government vehicles should be demolished, KSRTC is concerned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.