വഖഫ് ബോർഡ് പുനഃസംഘടനക്ക് സ്റ്റേ ഇല്ല; കെ.എസ്. ഹംസയുടെ ഹരജി തള്ളി ഹൈകോടതി

കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച സംസ്ഥാന സർക്കാർ നടപടിക്ക് സ്റ്റേ വേണമെന്നാവശ്യപ്പെട്ട് മുൻ ചെയർമാൻ കെ.എസ്. ഹംസ നൽകിയ ഹരജി ഹൈക്കോടതി തള്ളി. എം.സി. മായിൻ ഹാജി ചെയർമാനായി പുതിയ ബോർഡ് രൂപീകരിച്ച നടപടിക്കെതിരെയായിരുന്നു ഹരജി. പ്രത്യേക സിറ്റിങ് ചേർന്നാണ് ഹൈകോടതി വാദം കേട്ടത്.

വഖഫ് ബോർഡ് പുനഃസംഘടന നിയമപരമല്ലെന്നായിരുന്നു ഹംസയുടെ വാദം. ബോർഡിലെ ഒഴിവുകൾ നികത്താനാണ് ഹൈക്കോടതി നിർദേശിച്ചതെന്നും അത് തെറ്റായി വ്യാഖ്യാനിച്ചാണ് സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പുനഃസംഘടന തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത ഇ.കെ. വിഭാഗം നേതാവുമായ എം.സി. മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. പുതിയ ബോർഡിൽ ബോറ വിഭാഗത്തിൽനിന്നുള്ള സിറാജ് ഡി. കാപ്പസിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സമസ്ത മുശാവറയിൽനിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസി, മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് അംഗം ജസീം സബാഹ് എന്നിവരും അംഗങ്ങളാണ്.

മുജാഹിദ് വിഭാഗത്തിൽനിന്ന് ഡോ. അബ്ദുൽ മജീദ് സ്വലാഹിയെ അംഗമാക്കി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയെ പ്രതിനിധീകരിച്ച് തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയും എം.എൽ.എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീനും ബോർഡിലുണ്ട്. കോൺഗ്രസ് നേതാവായ സജ്ന ഫിറോസിനെയും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല.

അതേസമയം, കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാത്തത് വിവാദമായിട്ടുണ്ട്. ഹംസ ചെയർമാനായിരുന്ന മുൻ ബോർഡിൽ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകിയിരുന്നുവെന്നാണ് വിഭാഗത്തിന്റെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെ.എസ്. ഹംസ നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രവർത്തിക്കാത്ത സമയം നോക്കിയാണ് സർക്കാർ നടപടിയെടുത്തതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചിരുന്നു. പുതിയ ബോർഡിലെ അംഗനിയമനങ്ങളെച്ചൊല്ലി വിവിധ സംഘടനകളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും അതൃപ്തി തുടരുകയാണ്.

Tags:    
News Summary - Kerala High Court Rejects KS Hamsa’s Plea to Stay Waqf Board Reorganisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.