റിട്ടേണിംഗ് ഓഫീസറുടെ ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായ സമീപനം; നടപടി സ്വീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
വണ്ടൂർ: മമ്പാട് എം.ഇ.എസ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെ റിട്ടേണിംഗ് ഓഫീസർ പ്രകടിപ്പിച്ച രാഷ്ട്രീയ പക്ഷപാതവും ഫ്രറ്റേണിറ്റി പ്രവർത്തകരോടുള്ള പരിഹാസപരമായ സമീപനവും അത്യന്തം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് വണ്ടൂർ നിയോജകമണ്ഡലം പ്രസിഡന്റ് യാസീൻ വാണിയമ്പലം പ്രസ്താവിച്ചു. വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾക്ക് മുന്നിൽവെച്ച് “നിങ്ങൾ കുറച്ചാളുകൾ എന്തിനാണ് മത്സരിക്കുന്നത്?” എന്ന പരിഹാസച്ചുവയുള്ള ചോദ്യം ഉന്നയിച്ചതിലൂടെ റിട്ടേണിംഗ് ഓഫീസർ തന്റെ ജനാധിപത്യവിരുദ്ധ സമീപനമാണ് തുറന്നുകാട്ടിയത്. നോമിനേഷൻ സ്വീകരിക്കുന്ന ഘട്ടത്തിലും തുടർനടപടികളിലും ഫ്രറ്റേണിറ്റി പ്രവർത്തകരോട് പുച്ഛത്തോടെയും പരിഹാസത്തോടെയും സംസാരിച്ചുവെന്ന പരാതി തെരഞ്ഞെടുപ്പ് ചുമതലയുടെ നിഷ്പക്ഷതയെ ഗൗരവമായി ചോദ്യം ചെയ്യുന്നതാണ്.
വിദ്യാർത്ഥികൾക്ക് ജനാധിപത്യബോധവും രാഷ്ട്രീയ സഹിഷ്ണുതയും പകർന്നുനൽകേണ്ട കലാലയങ്ങളിൽ, തെരഞ്ഞെടുപ്പ് ചുമതലയിലിരിക്കുന്നവർ തന്നെ വിദ്യാർത്ഥി സംഘടനകളുടെ ജനാധിപത്യപരമായ ഇടപെടലുകളെ പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ല. ആരൊക്കെ മത്സരിക്കണം, ആരൊക്കെ രാഷ്ട്രീയ പ്രവർത്തനം നടത്തണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഒരു റിട്ടേണിംഗ് ഓഫീസർക്കുമില്ല. വിദ്യാർത്ഥികളുടെ രാഷ്ട്രീയാവകാശങ്ങൾ സംരക്ഷിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വത്തിൽനിന്ന് കോളേജ് അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ല.
റിട്ടേണിംഗ് ഓഫീസർക്കെതിരെ ഉയർന്ന പരാതികൾ ഗൗരവമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും ഭാവിയിലെ തെരഞ്ഞെടുപ്പ് നടപടികളിൽ നിഷ്പക്ഷത ഉറപ്പാക്കാനും കോളജ് മാനേജ്മെന്റും പ്രിൻസിപ്പലും തയ്യാറാകണം. വിദ്യാർത്ഥികളുടെ ജനാധിപത്യാവകാശങ്ങളെ ചോദ്യം ചെയ്യുകയും സംഘടനാ പ്രവർത്തനങ്ങളെ അപമാനിക്കുകയും ചെയ്യുന്ന സമീപനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായി രംഗത്തുണ്ടാകും.
വിദ്യാർത്ഥികളുടെ ജനാധിപത്യാവകാശങ്ങൾക്കുമേലുള്ള ഏത് കടന്നുകയറ്റത്തെയും ചെറുക്കുമെന്നും പക്ഷപാതപരമായ നടപടികൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധം തീർക്കുമെന്നും യാസീൻ വാണിയമ്പലം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.