പാദരക്ഷ വില 10 ശതമാനം വർധിക്കും
കോഴിക്കോട്: അസംസ്കൃത വസ്തുക്കളുടെ വിലവർധന മൂലം പാദരക്ഷകളുടെ വില 10 ശതമാനം വർധിപ്പിക്കുമെന്ന് ഫുട്വെയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ കേരള ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നവംബർ ഒന്നുമുതൽ വിലവർധന പ്രാബല്യത്തിൽവരും. അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിത വിലവർധന മൂലം പാദരക്ഷ വ്യവസായ മേഖല വൻ പ്രതിസന്ധി നേരിടുകയാണ്.
പശ്ചിമേഷ്യൻ സംഘർഷം കാരണം പി.യു, സിന്തറ്റിക് റക്സിൻ റബർ, പി.വി.സി, ഇ.വി.എ, നൂൽ, വിവിധ കെമിക്കലുകൾ എന്നിവയുടെയും വില കുത്തനെ വർധിച്ചു. കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്ക് നൽകിയിരുന്ന നികുതി ഇളവ് എടുത്തുകളഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി.
സംസ്ഥാനത്ത് നൂറിലധികം ചെറുകിട കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികളും ആശ്രയിക്കുന്ന മേഖലയെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ വില വർധനവല്ലാതെ പരിഹാരമില്ലെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. വി.കെ.സി. റസാഖ്, രജിത് മുല്ലശ്ശേരി, ഷമേജ് കൊല്ലമ്പലത്ത്, കെ.വി. ഷംസുദ്ദീൻ, കെ.പി.എ. ഹാഷിം, സി. അഖിലേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.