`മറക്കണോ, പഴയതൊക്കെ മറക്കണോ, എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്...'; മാസപ്പടി വിവാദത്തിൽ അഞ്ഞൂറാൻ ഡയലോഗുമായി സി.ആർ മഹേഷ് എം.എൽ.എയുടെ ഒളിയമ്പ്
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ സ്വീകരിച്ചതിനെ ചൊല്ലിയുള്ള അമർഷം കോൺഗ്രസിൽ പുകയുന്നു. കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഈ വിഷയത്തിൽ രൂക്ഷപ്രതികരണം നടത്തിയ മാത്യു കുഴൽനാടന്റെ നിലപാടിനെ പിന്തുണക്കുന്ന പ്രതികരണങ്ങൾ പാർട്ടിയിൽ ഉയരുകയാണ്.
ചാണ്ടി ഉമ്മൻ എം.എൽ.എ, പാർട്ടി വക്താവ് ജിന്റോ ജോൺ എന്നിവർക്ക് പിന്നാലെ പരോക്ഷമായി അമർഷം പ്രകടിപ്പിച്ച് സി.ആർ. മഹേഷ് എം.എൽ.എയും രംഗത്തെത്തി. ‘ഗോഡ് ഫാദർ’ സിനിമയിലെ എൻ.എൻ. പിള്ളയുടെ കഥാപാത്രമായ അഞ്ഞൂറാന്റെ വിഡിയോ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചാണ് മഹേഷ് തന്റെ വിയോജിപ്പ് അറിയിച്ചത്. ‘മറക്കണോ, പഴയതൊക്കെ മറക്കണോ, എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്...’ എന്ന സംഭാഷത്തോടുകൂടിയ വിഡിയോ പങ്കുവെച്ചാണ് എം.എൽ.എയുടെ ഒളിയമ്പ്. ബാക്കി പിന്നീട് പറയുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
ഉമ്മൻ ചാണ്ടിക്ക് മുൻസർക്കാർ നീതി നൽകിയില്ലെന്നും മാത്യു കുഴൽനാടന്റെ വിമർശനം പരിഗണിക്കണമെന്നും ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഹൈകോടതിയിൽ സർക്കാർ കൈക്കൊണ്ട നിലപാട് ശരിയല്ലെന്ന് കോൺഗ്രസിൽ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. സി.ആർ. മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഒന്നും മറക്കില്ലെന്ന പ്രതികരണങ്ങളുമായി ചില അണികളുമെത്തി. സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടൻ, ജിന്റോ ജോൺ എന്നിവർ നേരത്തെ പരസ്യപ്രതികരണം നടത്തിയിരുന്നു.
ഉമ്മൻ ചാണ്ടിക്ക് എൽ.ഡി.എഫ് സർക്കാർ നൽകാത്ത നീതി എന്തിനാണ് പിണറായിക്ക് നൽകുന്നതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ മാത്യു കുഴൽനാടൻ തുറന്നടിച്ചിരുന്നു. ‘പിണറായി ഭരണത്തിൽ ഉമ്മൻ ചാണ്ടിക്ക് നേരിട്ട നീതിനിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളേ’ എന്ന ചോദ്യവുമായാണ് ജിന്റോ ജോൺ രംഗത്തെത്തിയത്. മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാന് മതിയായ തെളിവുകളില്ലെന്നാണ് സർക്കാറിനുവേണ്ടി ഹാജരായ എ.ജി ഹൈകോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തണ്വിട്ടതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. സർക്കാർ നിലപാടാണ് എ.ജി കോടതിയെ അറിയിച്ചതെന്ന് മുഖ്യമന്ത്രി പാർലമെന്ററി പാർട്ടി യോഗത്തിൽ വിശദീകരിക്കുകയും ചെയ്തു. മന്ത്രിമാരുൾപ്പെടെ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണക്കുകയും ചെയ്തു. എങ്കിലും പാർട്ടിയിൽ ഈ വിഷയം ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.