തിരുവനന്തപുരം: സംസ്ഥാനത്ത് സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാന സര്‍ക്കാറുമായി എന്‍റർപ്രണർഷിപ് ഡെവലപ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇ.ഡി.ഐ.ഐ) കൈകോര്‍ക്കുന്നു. കുടുംബശ്രീ, സ്റ്റാര്‍ട്ടപ് മിഷന്‍, യുവജനക്ഷേമ ബോര്‍ഡ് എന്നിവക്കൊപ്പം പ്രവര്‍ത്തിച്ചുവന്നിരുന്ന ഇ.ഡി.ഐ.ഐ ഇനി വ്യവസായ വകുപ്പുമായും കെ-ഡിസ്കുമായും വിവിധ കോര്‍പറേറ്റുകളുമായും ചേര്‍ന്ന് സംസ്ഥാനത്തെ സംരംഭകത്വ ആവാസവ്യവസ്ഥയുടെ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കുമെന്ന് ഡയറക്ടർ ജനറൽ ഡോ. സുനിൽ ശുക്ലയും ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പ്രോജക്ട് (കോർപറേറ്റ്സ്) ഡയറക്ടർ ഡോ. രാമൻ ഗുജ്‌റാൾ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴില്‍ ഫീല്‍ഡ്തല ഓഫിസര്‍മാര്‍ക്ക് പരിശീലനം നല്‍കിവരുന്നത് ഇ.ഡി.ഐ.ഐ ആണ്. ഇതിനോടകം 200 ഓഫിസര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഒരുലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം സുഗമമാക്കുന്നതിന് 60 റിസോഴ്‌സ് പേഴ്സൺമാരുടെ കേഡറിനും പരിശീലനം നല്‍കും.
കേരളത്തിൽ 650 ബിസിനസുകൾ സൃഷ്ടിക്കുന്നതിന് മൈക്രോ സ്‌കിൽപ്രണർഷിപ് പ്രോഗ്രാമുകൾ നടത്താൻ പ്രമുഖ സ്ഥാപനങ്ങളുമായും ഇൻസ്റ്റിറ്റ്യൂട്ട് കൈകോർക്കുന്നുണ്ട്. ഇതിൽ 60 ശതമാനവും സാങ്കേതികവിദ്യയിലധിഷ്ഠിതമായി സ്ത്രീകൾ നയിക്കുന്ന ഹരിത ബിസിനസുകളാണ്. കൂടുതല്‍ സ്ത്രീകള്‍ക്ക് സംരംഭകത്വത്തിലേക്ക് ചുവടുവെക്കാന്‍ പ്രചോദനം നൽകുന്ന പരിപാടിയാണിത്. കോർപറേറ്റുകളുടെ പിന്തുണയോടെ ഇ.ഡി.ഐ.ഐ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ടഡ് മൈക്രോ വുമൺ എന്റർപ്രൈസസ് പരിപാടിയില്‍ 500ലധികം വനിത സംരംഭകർ ചേരുകയും ബിസിനസ് പ്രമോഷൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.
എല്ലാ ജില്ലകളിലും നിലവിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ക്ലസ്റ്ററുകൾ തിരിച്ചറിഞ്ഞ് കൈപിടിച്ച് നടത്തുന്നതിനായി കെ-ഡിസ്ക് നടപ്പാക്കുന്ന 'ഒരു ജില്ല ഒരു ആശയം' എന്ന നൂതന പദ്ധതിയില്‍ തെരഞ്ഞെടുത്ത ക്ലസ്റ്ററുകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇ.ഡി.ഐ.ഐ പങ്കുചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.