സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍;  എസ്.എസ്.എ ഫണ്ട് ചെലവഴിക്കല്‍ യജ്ഞത്തില്‍

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ സര്‍വശിക്ഷ അഭിയാന്‍ (എസ്.എസ്.എ)പ്രോജക്ട് ഡയറക്ടറേറ്റിനു കീഴില്‍ ഫണ്ട് ചെലവഴിക്കല്‍ ‘യജ്ഞം’. സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ ആരംഭിച്ച ശേഷമാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി താഴെയുള്ള ഓഫിസുകള്‍ക്ക് കത്തയച്ചിരിക്കുന്നത്. പദ്ധതി തുക ചെലവഴിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ അത് അടുത്ത വര്‍ഷത്തെ കേന്ദ്രഫണ്ടിനെ ബാധിക്കുമെന്നതിനാലാണ്  വഴിപാട് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശം. 2016 -17 വര്‍ഷത്തേക്ക് 520 കോടിയാണ് കേന്ദ്രമാനവശേഷി മന്ത്രാലയം എസ്.എസ്.എ വഴി സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍ ചെലഴിച്ച തുക മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അനുവദിച്ച തുകയില്‍ പലതിലും ഒരു പ്രവര്‍ത്തനം പോലും നടത്തിയിട്ടില്ല. ചിലതിന്‍െറ ഫണ്ട് വകമാറ്റുകയും ചെയ്തു. 

മൊത്തം അടങ്കല്‍ തുകയില്‍ 0.5 ശതമാനം കമ്യൂണിറ്റി മൊബിലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ്. ഇത് ഏകദേശം 2.5 കോടിയോളം വരും. ഇതില്‍ പ്രവേശനോത്സവം മാത്രമല്ലാതെ മറ്റൊന്നും നടത്തിയിട്ടില്ല. കമ്യൂണിറ്റി ട്രെയിനിങ്ങിന് 10 കോടിയോളം  അനുവദിച്ചിട്ടുണ്ട്. ഇത് സ്കൂളുകളിലെ എസ്.എം.സി/ പി.ടി.എ അംഗങ്ങള്‍ക്ക് മൂന്നുദിവസത്തെ പരിശീലനത്തിന് നല്‍കാനുള്ളതാണ്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ ഈ പരിപാടി നടത്തിയിട്ടില്ല. 

ഫെബ്രുവരി 14ന് എസ്.എസ്.എ ഡയറക്ടര്‍ നല്‍കിയ സര്‍ക്കുലര്‍ അനുസരിച്ച് മാര്‍ച്ചില്‍ മുഴുവന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നിര്‍ദേശം. കമ്യൂണിറ്റി മൊബിലൈസേഷനും ട്രെയിനിങ്ങും ഇതില്‍ ഉള്‍പ്പെടുന്നു. എസ്.എം.സി അംഗങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കാനാണ് കേന്ദ്ര പദ്ധതിയില്‍ പറഞ്ഞിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശവുമായി ബന്ധപ്പെട്ടാണിത്. ഇതിനായി പ്രത്യേക മൊഡ്യൂള്‍ പോലുമില്ലാതെയാണ് ‘തട്ടിക്കൂട്ട്’ പരിശീലനത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു സ്കൂളില്‍ ആറുപേര്‍ക്ക് വീതം ക്ളസ്റ്റര്‍തല പരിശീലനവും നിര്‍ദേശിച്ചിട്ടുണ്ട്.

പഞ്ചായത്ത് തലത്തില്‍ വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ നടത്താന്‍ 3000 വീതവും  സ്കൂള്‍ വികസനസമിതി യോഗം നടത്താന്‍ 500 വീതവും പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് 1000 രൂപ വീതവും ഫണ്ടുണ്ട്. വിദ്യാലയ വികസന രേഖ തയാറാക്കാന്‍ 2000  വീതവും സാമൂഹിക പങ്കാളിത്തത്തോടുകൂടിയ വിദ്യാലയ വികസന മാതൃകകള്‍ക്ക് 5000 വും വകയിരുത്തിയിട്ടുണ്ട്. മാര്‍ച്ച് ഒന്ന് മുതല്‍ സ്കൂളുകളില്‍ പരീക്ഷ തുടങ്ങിയതോടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തുമെന്നറിയാതെ നില്‍ക്കുകയാണ് പ്രധാന അധ്യാപകര്‍. ഇതിനു പുറമെ ശാസ്ത്രോത്സവവും ഗണിതോത്സവവും മാര്‍ച്ചില്‍ നടത്താനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ മികവ് കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക യജ്ഞം തന്നെ ഏറ്റെടുത്ത് നടത്തുമ്പോഴാണ് ഇതേ വിദ്യാലയങ്ങള്‍ക്കുള്ള ഫണ്ട് മാസങ്ങളോളം കൈയില്‍ വെച്ച് എസ്.എസ്.എ അവസാനമാസം ചെലവഴിച്ചുതള്ളാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

Tags:    
News Summary - ssa fund investing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.