പടിയിറക്കം..... സി.പി.എം പോളിറ്റ്​ബ്യൂറോ അംഗം എസ്​. രാമചന്ദ്രൻ പിള്ള കണ്ണൂർ പയ്യാമ്പലത്ത്​ പ്രഭാത സവാരിക്കിറങ്ങിയപ്പോൾ 

എസ്.ആർ.പി 'പി.ബി'പ്പടിയിറങ്ങുന്നു

കണ്ണൂർ: സി.പി.എമ്മിന് ചെറുപ്പത്തിന്‍റെ ഊർജം പകരാൻ പോളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിയുകയാണ് എസ്.ആർ.പി എന്ന എസ്. രാമചന്ദ്രൻ പിള്ള. 75 വയസ്സാണ് പ്രായപരിധി. എസ്.ആർ.പിക്ക് 84 ആയി. ഒഴിയാൻ സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം തന്നെ പറയുന്നു. ഒഴിയൽ പാർട്ടി പ്രവർത്തനത്തിൽ നിന്നല്ല, കമ്മിറ്റികളിൽനിന്ന് മാത്രമാണെന്നുകൂടി കൂട്ടിച്ചേർക്കും.

നീണ്ട 40 വർഷത്തിലേറെയായി ഡൽഹിയിൽ പാർട്ടി സെന്‍ററിലാണ് പ്രവർത്തനം. ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ചാകും പ്രവർത്തനം. വായനയോടും എഴുത്തിനോടുമാണ് ഇഷ്ടം. അതിനായി കൂടുതൽ സമയം മാറ്റിവെക്കണം. ഭാവിയെക്കുറിച്ചുള്ള തീരുമാനം അതാണ്. കർമകുശലതയിൽ ചെറുപ്പക്കാരേക്കാൾ മുന്നിലാണ് എസ്.ആർ.പി. പുലർച്ചെ ആറുമണിക്ക് എത്തുമ്പോൾ തന്‍റെ പതിവ് വ്യായാമം പൂർത്തിയാക്കിയിരുന്നു. 84ാം വയസ്സിലും നിരന്തര യാത്രകൾക്കിടയിലും ഒരു ദിവസംപോലും അതു മുടക്കാറില്ല. ആ മെയ് വഴക്കം രാഷ്ട്രീയത്തിലുമുണ്ട്. പാർട്ടിയെ കുഴക്കുന്ന ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറാനുള്ള മിടുക്ക് എടുത്തുപറയണം. പറയാൻ തീരുമാനിച്ചതിനപ്പുറം ഒരുവാക്കും എസ്.ആർ.പിയിൽനിന്ന് പുറത്തുവരില്ല. വി.എസ് -പിണറായി പോരിന്‍റെ കാലത്ത് വാർത്തകൾക്കായി ഡൽഹിയിൽ എസ്.ആർ.പിയെ വട്ടമിട്ട മാധ്യമപ്രവർത്തകർക്ക് നിരാശ മാത്രമായിരുന്നു ഫലം. ആലപ്പുഴ എസ്‌.ഡി കോളജിലും തിരുവനന്തപുരം, എറണാകുളം ലോ കോളജിലുമായാണ് വിദ്യാഭ്യാസം. മാവേലിക്കരയിൽ വക്കീലായി പ്രവർത്തിക്കവെയാണ് 1956ൽ പാർട്ടിയുടെ മുഴുസമയ പ്രവർത്തകനായത്. 1964ലെ പിളർപ്പിൽ സി.പി.എമ്മിനൊപ്പം നിന്നു. 1980 മുതൽ 1982 വരെ ആലപ്പുഴ ജില്ല സെക്രട്ടറി, 1982ൽ സംസ്ഥാന സെക്രട്ടേറിയറ്റ്, 1985ൽ കേന്ദ്രകമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1989ൽ കേന്ദ്ര സെക്രട്ടേറിയറ്റിലെത്തിയതോടെയാണ് ഡൽഹിയിലേക്ക് മാറിയത്. 1992 മുതൽ 2022വരെ 30 വർഷം പൂർത്തിയാക്കിയാണ് പോളിറ്റ്‌ബ്യൂറോയിൽനിന്ന് പടിയിറങ്ങുന്നത്. 1991 മുതൽ 2003 വരെ രണ്ടു കാലയളവ് രാജ്യസഭാംഗമായിരുന്നു.

2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അവസാനം വരെ പറഞ്ഞുകേട്ടത് എസ്.ആർ.പിയുടെ പേരാണ്. അപ്രതീക്ഷിതമായി യെച്ചൂരി ജനറൽ സെക്രട്ടറിയായി. 2006ൽ മുഖ്യമന്ത്രി സ്ഥാനത്തേക്കും ആ പേര് പറഞ്ഞുകേട്ടു. എല്ലാം മാധ്യമസൃഷ്ടി എന്ന് മാത്രമാണ് എസ്.ആർ.പി പറയുക. സ്ഥാനങ്ങളിലല്ല, പാർട്ടിക്ക് നൽകുന്ന സേവനങ്ങളിലാണ് കാര്യം. ധാർഷ്ട്യമല്ല, വിനയമാകണം കമ്യൂണിസ്റ്റുകാരന്‍റെ മുഖമുദ്ര. ഇതാണ് അദ്ദേഹത്തിന്‍റെ പ്രമാണം. പയ്യാമ്പലം കടലോര നടപ്പാതയിൽ പ്രഭാതസവാരിക്കിടെ ഏറ്റവും നല്ല കമ്യൂണിസ്റ്റും സുഹൃത്തുമെന്നാണ് എസ്.ആർ.പിയെക്കുറിച്ച് യെച്ചൂരി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ബാല്യത്തിൽ ആർ.എസ്.എസ് ശാഖയിൽ അടിയും തടവും പഠിച്ചതിന്‍റെ ഭൂതകാലവുമുണ്ട് എസ്.ആർ.പിക്ക്. അത് അദ്ദേഹം മറച്ചുവെച്ചിട്ടില്ല. ശാഖയിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞുതുടങ്ങിയപ്പോൾ ചേർന്നുപോകാനാകില്ലെന്ന് തീരുമാനിച്ച് അവിടം വിടുകയായിരുന്നു.

Tags:    
News Summary - S.R.P has said it will remain active in the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.