തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരനായ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെ ശ്രീറാം ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. ശ്രീറാമിെൻറ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തൽക്കാലം പൊലീസ് സുരക്ഷയിൽ ആശുപത്രിയിൽ തുടരും. ആശുപത്രിയിൽനിന്ന് ഡിസ്ചാർജാകുന്ന മുറക്ക് സബ് ജയിലിലേക്ക് മാറ്റും. അപകടമുണ്ടായശേഷം മെഡിക്കൽ കോളജിലേക്ക് പോകാനാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർ റഫർ ചെയ്തത്. ഇതിന് വിസമ്മതിച്ച ശ്രീറാം കിംസ് ആശുപത്രിയിൽ പോയി അഡ്മിറ്റാവുകയായിരുന്നു.
ശ്രീറാമിെൻറ വിരലടയാളം രേഖപ്പെടുത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഒരു കൈയിൽ ഡ്രിപ്പും മറ്റൊരു കൈയിൽ മുറിവുമായതിനാൽ വിരലടയാളം രേഖപ്പെടുത്താൻ ഡോക്ടർ അനുവദിച്ചില്ല. ഇതോടെ ഡ്രൈവിങ് സീറ്റിൽ നിന്ന് ലഭിച്ച വിരലടയാളവുമായി ഒത്തുനോക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അതേസമയം, സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം. ബഷീറിന്റെ (35) ദാരുണാന്ത്യത്തിന് ഇടയാക്കിയ അപകടത്തിൽ ശ്രീറാമിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോേട്ടാർവാഹനവകുപ്പ് നടപടി തുടങ്ങി. വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി കാരണം കാണിക്കൽ േനാട്ടീസ് ശ്രീറാമിന് കൈമാറി.
നടപടിക്രമം അനുസരിച്ച് ലൈസൻസ് ഉടമയുടെ ഭാഗം കൂടി േകട്ട ശേഷമാണ് സസ്പെൻഡ് ചെയ്യുക. മദ്യപിച്ച് അമിതവേഗത്തിലും അശ്രദ്ധയിലും വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയതിനാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുക. മരണത്തിനിടയാക്കുന്ന അപകടങ്ങളിൽ ഒരുവർഷം വരെ ലൈസൻസ് സസ്പെൻഡ് ചെയ്യാം.
അമിതവേഗത്തിന് ആറുമാസം വരെയും. വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് രാവിലെ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.
വാഹന ഉടമയായ യുവതിയുടെ ലൈസൻസും സസ്പെൻഡ് ചെയ്യും. ഇൗ വാഹനം മൂന്ന് തവണ അമിത വേഗത്തിൽ സഞ്ചരിച്ചതായി തെളിഞ്ഞിട്ടുണ്ട്. വാഹനത്തിെൻറ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതിനും മോേട്ടാർവാഹനവകുപ്പ് നടപടിയാരംഭിച്ചു. കടുത്ത കറുത്തനിറത്തിലുള്ള സൺ ഫിലിം ഒട്ടിച്ചതിനാണ് നടപടി.
അപകടത്തിനുകാരണം അമിതവേഗമാണെന്നാണ് പ്രാഥമികനിഗമനമെന്ന് ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ മാധ്യമങ്ങളോടുപറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിനിടയാക്കിയ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കാൻ ഗതാഗതമന്ത്രി മോേട്ടാർവാഹനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി പ്രത്യേക സംഘം സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
മേഖലയിലെ മോേട്ടാർ വാഹനവകുപ്പിെൻറ നിരീക്ഷണകാമറ ദൃശ്യങ്ങളും പരിേശാധിക്കും. കാമറകളെല്ലാം പ്രവർത്തനസജ്ജമായിരുന്നെന്നാണ് വിലയിരുത്തൽ. അതേസമയം, ശനിയാഴ്ച വൈകിയും ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.
രക്ഷിക്കാൻ നീക്കം; ഒടുവിൽ അറസ്റ്റ് അപകടത്തെ തുടർന്ന് ആദ്യം ശ്രീറാം െവങ്കിട്ടരാമനെ രക്ഷിക്കാനുള്ള നീക്കമായിരുന്നു പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടായത്. ഡോക്ടറെന്ന് പരിചയപ്പെടുത്തിയ ശ്രീറാമിനെ സ്ഥലത്തെത്തിയ മ്യൂസിയം സ്റ്റേഷനിലെ ഡ്യൂട്ടി ഒാഫിസറായ എസ്.െഎ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാറോടിച്ചത് ശ്രീറാം ആണെന്നും മദ്യപിച്ചിട്ടുണ്ടെന്നും ദൃക്സാക്ഷികളായ ഒാേട്ടാറിക്ഷാ ഡ്രൈവർമാർ ഉൾപ്പെടെ പറഞ്ഞെങ്കിലും പൊലീസ് ഗൗനിച്ചില്ല.
പിന്നീട് ടാക്സി വിളിച്ച് യുവതിയെ വീട്ടിലേക്ക് അയച്ചു. കൈക്ക് പരിക്കേറ്റെന്ന് ശ്രീറാം പറഞ്ഞതിനെതുടർന്ന് ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ, മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയില്ല. മദ്യത്തിെൻറ ഗന്ധമുണ്ടായിരുന്നെന്ന് കേസ് ഷീറ്റിൽ ഡോക്ടർ രേഖപ്പെടുത്തി. അതിനുശേഷം ശ്രീറാമിനെയും പൊലീസ് പോകാൻ അനുവദിച്ചു. കാര്‍ ഓടിച്ചിരുന്നത് സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് പൊലീസിന് ശ്രീറാം നല്കിയ മൊഴി. പിന്നാലെ ആരെയും പ്രതി ചേര്‍ക്കാതെ മനഃപൂർവമല്ലാത്ത നരഹത്യക്കുള്ള വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു.
ദൃക്സാക്ഷികളുടെയും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടെയും മൊഴികള്‍ വന്നതോടെ പൊലീസ് പ്രതിരോധത്തിലായി. മാധ്യമപ്രവർത്തകരുടെ സമ്മർദത്തെതുടർന്ന് യുവതിയെ നാല് മണിക്കൂറിനുശേഷം വിളിച്ചുവരുത്തിയ പൊലീസ് വൈദ്യപരിശോധനക്ക് വിധേയാക്കി. അവർ മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
ശ്രീറാം തന്നെയാണ് കാറോടിച്ചതെന്ന് വഫ കേൻറാൺമെൻറ് പൊലീസിലും മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴിയും നൽകി. സംഭവത്തിന് പത്ത് മണിക്കൂർ കഴിഞ്ഞ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ജനറൽ ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാരുമായി എത്തി ശ്രീറാമിെൻറ രക്തസാമ്പിളുകൾ ശേഖരിച്ചു. അതിനൊക്കെശേഷമായിരുന്നു അറസ്റ്റ്.
മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം മദ്യപിച്ച് വാഹനം ഓടിച്ചതാണെന്ന് ബോധ്യപ്പെട്ടിട്ടും രക്തസാമ്പിളെടുക്കാത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി. ശ്രീറാമിനെ രക്ഷപ്പെടുത്താൻ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം സിറ്റി പൊലീസ് കമീഷണറും അന്വേഷിക്കണം. 10 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലിം മടവൂർ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.