തിരുവനന്തപുരം: കേരളത്തിന്റെ ആത്മീയതയും ഭക്തിയും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ലെന്നും സകല ജനങ്ങളുടെയും പൊതുസ്വത്താണെന്നും മന്ത്രി വി. ശിവൻകുട്ടി. ഈ യാഥാർഥ്യം മനസ്സിലാക്കാതെ അയ്യപ്പസംഗമത്തെ രാഷ്ട്രീയ നാടകമായി ചിത്രീകരിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ നടപടി വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനമുന്നയിച്ച രാജീവ് ചന്ദ്രശേഖറിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആത്മീയതയെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കാതെ വിശ്വാസികളുടെ ഐക്യത്തെ ഉയർത്തിപ്പിടിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. ആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണ്. വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ് ഇത്.
‘തത്വമസി’ എന്ന ദർശനത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടും ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചും വിശ്വാസ സമൂഹം മുന്നോട്ട് പോകുമ്പോൾ രാജീവ് ചന്ദ്രശേഖറിന്റെ വിമർശനങ്ങൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളതാണ്. അയ്യപ്പ സംഗമത്തെയും സുവർണാവസരമായി കരുതുന്ന രാജീവ് ചന്ദ്രശേഖർ മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം കാണുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണ് അയ്യപ്പ സംഗമമെന്നും മതേതര സർക്കാരെന്തിനാണ് വിശ്വാസി സംഗമം നടത്തുന്നതെന്നും ബി.ജെ.പി. വൈകാരിക വിഷയം ഉയർത്തി അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലേറാനുള്ള ദുഷ്ടലാക്കാണ് ഇതിനുപിന്നിൽ. അയ്യപ്പ സംഗമം വിശ്വാസപരമായ കാര്യമാണ്. അത് നടത്താൻ മന്ത്രിക്കും സർക്കാറിനും അധികാരമില്ലെന്നും സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറും ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖനും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംഗമത്തിന് എതിരല്ല. ഹിന്ദു വിശ്വാസത്തെ തള്ളിപ്പറഞ്ഞ എം.കെ. സ്റ്റാലിനെയും അയ്യപ്പഭക്തർക്കെതിരെ കേസെടുത്ത പിണറായി വിജയനെയും പരിപാടിയിലേക്ക് ക്ഷണിച്ചതിലുള്ള ആശങ്കയും അഭിപ്രായവുമാണ് പങ്കുവെക്കുന്നത്. പിണറായി സംഗമത്തിൽ പങ്കെടുക്കും മുമ്പ്, ദ്രോഹിച്ചതിന് അയ്യപ്പ ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം. മുഖ്യമന്ത്രി പറയുന്നത് വിരട്ടൽ വേണ്ടെന്നാണ്. വിരട്ടൽ രാഷ്ട്രീയം സി.പി.എമ്മിനാണുള്ളത്. സംഗമത്തിലേക്ക് ക്ഷണിച്ചാൽ പോകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.