സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് മതിലകത്തെ വീട്ടിൽ കഴിയുന്ന സഹൽ അസിൻ

ക്രൂരമായ റാഗിങ്: സീനിയർ വിദ്യാർഥികൾ ചവിട്ടി നട്ടെല്ലൊടിച്ച ബി.ടെക് വിദ്യാർഥി കിടപ്പിൽ

കൊടുങ്ങല്ലൂർ: തൃശൂരി​ലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിനിരയാക്കിയതായി പരാതി. അടിച്ചും ഇടിച്ചും ചവിട്ടിയും നട്ടെല്ല് പൊട്ടിയ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ മതിലകം വടക്കനോളി നജീബിന്റെ മകൻ സഹൽ അസിൻ (19) ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. സുഹൃത്തിനെ റാഗ് ചെയ്യാൻ ശ്രമിക്കുന്നത് തടയുന്നതിനിടെ സീനിയർ വിദ്യാർഥികൾ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു.

നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് തന്നെ മർദിച്ച് ഈ വിധമാക്കിയതെന്ന് തൃശൂർ അമല ആശുപത്രിയിലെ ചികിത്സക്ക് ശേഷം മതിലകത്തെ വീട്ടിൽ കഴിയുന്ന വിദ്യാർഥി പറഞ്ഞു. മകന്റെ തുടർപഠനവും ഭാവി ജീവിതവുമോർത്ത് കുടുംബം ആശങ്കയിലാണ്. കഴിഞ്ഞ 29ന് കോളജ് കാമ്പസിൽ വെച്ചായിരുന്നു സംഭവം. ഖത്തറിൽ പ്രവാസിയായ പിതാവ് നജീബ് വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം അടിയന്തിരമായി നാട്ടിലെത്തി.

സഹലിന്റെ സഹപാഠി ലബീബിനോട് ഷർട്ടിന്റെ കോളർ ബട്ടൻ ഇടാൻ സീനിയർ വിദ്യാർഥികൾ ആജ്ഞാപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതിന്റെ പേരിൽ കൈയ്യേറ്റത്തിനിരയായ ലബീബിനെ രക്ഷിക്കാൻ ശ്രമിച്ചതോടെയാണ് സംഘം സഹലിന് നേരേ തിരിഞ്ഞത്. ഇടിയും ചവിട്ടുമേറ്റ് നിലത്ത് വീണ തന്നെ വീണ്ടും വളഞ്ഞിട്ട് ചവിട്ടുകയായിരുന്നുവെന്ന് ഇനിയും അക്രമത്തിന്റെ ഭീതി വിട്ടുമാറാത്ത സഹൽ പറഞ്ഞു.

കടുത്ത ശരീരവേദനയുമായി ഹോസ്റ്റലിൽ കഴിയുന്നതിനിടെ അധ്യാപകർ വന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് വീട്ടിലേക്ക് പോന്നത്.

റാഗിങ്ങിന്റെ ഭാഗമായാണ് സീനിയർ വിദ്യാർഥികൾ തന്നെ ക്രൂരമായി മർദിച്ചതെന്നും ഇതനുസരിച്ചുള്ള ശക്തവും കർശനവുമായ നടപടി വേണമെന്നുമാണ് ഈ വിദ്യാർഥിയുടെ ആവശ്യം. സംഭവത്തിൽ പേരാമംഗലം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അതേസമയം, കോളജ് അധികൃതർ എല്ലാ പിന്തുണയും അറിയിച്ചതായി പിതാവ് പറഞ്ഞു.

ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകി കേസ് ഇല്ലാതാക്കാൻ ശ്രമം, ഇനി ഒരുമക്കൾക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് പിതാവ്

ഇനി ഒരുമക്കൾക്കും ഈ അവസ്ഥയുണ്ടാകരുതെന്നും അതുകൊണ്ട് തന്നെ ഒരു ഒത്തുതീർപ്പിനും താനില്ലെന്നും പരിക്കേറ്റ സഹൽ അസിന്റെ പിതാവ് നജീബ്. ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകി കേസ് ഇല്ലാതാക്കാൻ വാഗ്ദാനമുണ്ടായ സാഹചര്യത്തിലാണ് പിതാവിന്റെ പ്രതികരണം. സർക്കാരും പൊലീസ് അധികാരികളും ശക്തമായ നടപടിക്ക് തയ്യാറാകണം. കോളജ് അധികൃതരും ഉണർന്ന് പ്രവർത്തിക്കണം. റാഗിങ് കലാലയങ്ങളിൽനിന്ന് ഇല്ലായ്മ ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു.


Tags:    
News Summary - Spine injured, Engineering student critical after brutal ragging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.