'മാതൃകവചം'; ഗർഭിണികൾക്ക് വാക്സിൻ നൽകാൻ പ്രത്യേക കാമ്പയിൻ

തിരുവനന്തപുരം: ഗർഭിണികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ 'മാതൃകവചം' എന്ന പേരിൽ പ്രത്യേക കാമ്പയിനുമായി സംസ്ഥാന സർക്കാർ. മാതൃകവചം കാമ്പയിനിന്‍റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യിക്കും.

സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവർക്ക് അതുവഴിയും, സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍ സൗകര്യങ്ങളില്ലാത്തവർക്ക് ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെയും രജിസ്റ്റര്‍ ചെയ്യാം. ഓരോ സബ് സെന്‍റര്‍ പ്രദേശത്തുമുള്ള മുഴുവന്‍ ഗര്‍ഭിണികളും രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകളാണ് നടത്തുക. വാക്‌സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കാനാണിത്.

കോവിഡ് ബാധിച്ചാല്‍ അത് ഗര്‍ഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവരില്‍ രോഗം ഗുരുതരമായേക്കാം. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും ബാധിക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കുക എന്നത് വളരെ പ്രധാനമായ പ്രതിരോധ നടപടിയാണ്. നിലവില്‍ രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്ന ഏത് കോവിഡ് വാക്‌സിനും ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാവുന്നതാണ്.

ഗര്‍ഭാവസ്ഥയുടെ ഏത് കാലയളവിലും വാക്‌സിന്‍ സ്വീകരിക്കാനാകും. ഗര്‍ഭാവസ്ഥയില്‍ തന്നെ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിക്കാനായാല്‍ അത് കൂടുതല്‍ സുരക്ഷ നല്‍കും. കഴിയുന്നതും മുന്നേ തന്നെ വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ കോവിഡ് ബാധിതയായാല്‍ പ്രസവം കഴിഞ്ഞ് മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കാനാവുക. എന്നാല്‍ കോവിഡ് രോഗമുക്തയായി മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവു. വാക്‌സിന്‍ സ്വീകരിച്ച ശേഷം നേരിയ പനി, കുത്തിവച്ച ഭാഗത്ത് വേദന, ഒന്നു മുതല്‍ മൂന്ന് ദിവസം വരെ ക്ഷീണം എന്നിവ കണ്ടേക്കാം. വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാലും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയ പ്രതിരോധ ശീലങ്ങള്‍ തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - special vaccine drive for pregnant women in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.