വീടുകളില്‍ സൗജന്യമായി മരുന്നെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പദ്ധതി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചുനൽകാൻ ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്കരിച്ച് നടപ്പാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവര്‍ത്തകരുടേയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളില്‍ മരുന്നുകള്‍ എത്തിച്ചുനല്‍കുന്നത്.

സാധാരണ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകള്‍ വീട്ടില്‍ എത്തിച്ച് നല്‍കാനുള്ള പദ്ധതി ഊർജിതമായി ആരോഗ്യ വകുപ്പ് നടപ്പാക്കും. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോള്‍ ഉണ്ടാകുന്ന സമ്പര്‍ക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാവിഷ്‌കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഈ വിഭാഗക്കാര്‍ ഇടക്കിടക്ക്​ മരുന്നു വാങ്ങാന്‍ യാത്ര ചെയ്ത് ആശുപത്രികളില്‍ എത്തുമ്പോഴുണ്ടാകുന്ന രോഗവ്യാപനം ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം. തന്നെയുമല്ല, വീടുകളില്‍ ഇരുന്ന് അവര്‍ കൃത്യമായി മരുന്നു കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് പരമാവധി ജനങ്ങള്‍ക്ക് മരുന്നുകള്‍ എത്തിക്കാനുള്ള നടപടി സംസ്ഥാന ആരോഗ്യവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. എല്ലാവരും കൃത്യമായി മരുന്ന് കഴിച്ച് അനുബന്ധ രോഗങ്ങളുള്ളവര്‍ അവ നിയന്ത്രിക്കേണ്ടതാണ്.

ചികിത്സ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കോവിഡ് പ്രതിരോധവും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ജീവിതശൈലി രോഗമുള്ളവര്‍ക്കും കിടപ്പു രോഗികള്‍ക്കും കോവിഡ് വരാതെ നോക്കേണ്ടത് ഒരു ആവശ്യകതയാണ്. അതിനുള്ള അവബോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കും.

പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗമാണ് കിടപ്പ് രോഗികള്‍. ഇവര്‍ക്ക് കോവിഡ് വന്നുകഴിഞ്ഞാല്‍ അത് മൂര്‍ച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. പാലിയേറ്റീവ് കെയര്‍ രോഗികളുടെ പ്രത്യേക ശ്രദ്ധക്കായി എല്ലാ പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് രോഗം വരാതെ സൂക്ഷിക്കുന്നതിന്​ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാനും മരുന്നുകള്‍ എത്തിച്ചുകൊടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ രോഗികളെ എങ്ങനെ കോവിഡ് വരാതെ സംരക്ഷിക്കാമെന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവബോധവും നല്‍കിവരുന്നു.

Tags:    
News Summary - Special scheme of the Department of Health to deliver medicines free of cost to households

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.