തിരുവനന്തപുരം: സഹകരണ മേഖലയിൽ സർവകലാശാല സ്ഥാപിക്കുന്നതിെൻറ സാധ്യത പഠനത്തിന് സർക്കാർ ഉത്തരവ്. പഠനം നടത്തുന്നതിന് കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മേധാവി പ്രഫ. കെ.എസ്. ചന്ദ്രശേഖരനെ സ്പെഷൽ ഓഫിസറായി നിയമിച്ചു.
സഹകരണ വകുപ്പിന് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സഹായകമായ രീതിയിൽ സർവകലാശാല രൂപവത്കരിക്കുന്നതിന് സർക്കാറിന് കീഴിലുള്ള കോ-ഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷൻ (കേപ്) ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചിരുന്നു. സഹകരണ മന്ത്രി വി.എൻ. വാസവെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സാധ്യത പഠനം തീരുമാനിച്ചത്.
നിലവിൽ കേപ്പിന് കീഴിൽ ഒമ്പത് എൻജിനീയറിങ് കോളജുകളും മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രവർത്തിക്കുന്നുണ്ട്. സഹകരണ മേഖലയിൽ ഒട്ടേറെ ആർട്സ് ആന്റ് സയൻസ് കോളജുകളും മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും വേറെയുമുണ്ട്. ഇവയെല്ലാം ഒരു സർവകലാശാലക്ക് കീഴിൽ കൊണ്ടുവരുന്നതിെൻറ സാധ്യതയാണ് പഠിക്കുന്നത്.
നഴ്സിങ്, പാരാമെഡിക്കൽ കോളജുകൾ ഉൾപ്പെടെ നിലവിൽ ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഹകരണ സർവകലാശാലയുടെ പരിധിയിലേക്ക് പരിഗണിക്കാനിടയില്ല. ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് രണ്ട് പുതിയ സർവകലാശാലകളാണ് സ്ഥാപിച്ചത്.
ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല, ഡിജിറ്റൽ സർവകലാശാല എന്നിവ. യു.ഡി.എഫ് സർക്കാറിെൻറ അവസാനകാലത്ത് അറബിക് സർവകലാശാല സ്ഥാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശിപാർശ ചെയ്തിരുന്നു. ശിപാർശ പരിഗണിച്ച അന്നത്തെ സർക്കാർ വിദേശ ഭാഷകൾക്കൊന്നടങ്കം സർവകലാശാല സ്ഥാപിക്കാനും ഇതിനായി കെ. ജയകുമാറിനെ സ്പെഷൽ ഓഫിസറായി നിയമിക്കാനും തീരുമാനിച്ചിരുന്നു. സർക്കാർ മാറിയതോടെ ഇതിൽ തുടർനടപടി ഇല്ലാതെപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.