തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല താരതമ്യസാഹിത്യ പഠനവിഭാഗം അസി. പ്രഫസർക്ക് സർവകലാശാലയുടെ കുറ്റപത്രം. 2025ലെ നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അഡ്വ. എം. സ്വരാജിനുവേണ്ടി വോട്ടഭ്യർഥന നടത്തിയെന്ന ആരോപണത്തെ തുടർന്ന് സർവകലാശാല രജിസ്ട്രാർ ഡോ. ദിനോജ് സെബാസ്റ്റ്യനാണ് നടപടി സ്വീകരിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അഡ്വ. എം. സ്വരാജിന് വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുവെന്നും അതിനായി സർവകലാശാലയുടെ ഔദ്യോഗിക റേഡിയോ ചാനലായ റേഡിയോ സി.യുവിന്റെ ഉപകരണങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്തെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് അസി. പ്രഫസർ ഡോ. ശ്രീകല മുല്ലശ്ശേരിക്ക് എതിരായ നടപടി. ഡോ. ശ്രീകല മുല്ലശ്ശേരി റേഡിയോ സി.യുവിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് വിഡിയോ റെക്കോഡ് ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960ലെ ചട്ടം 69 ലംഘിച്ചതായാണ് കണ്ടെത്തൽ. നിയമസഭ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രചാരണത്തിൽ ഏർപ്പെടുന്നതിന് കർശന വിലക്കുണ്ട്. സർവകലാശാല അധ്യാപകർക്കും ഈ ചട്ടങ്ങൾ ബാധകമാണെന്ന് കാലിക്കറ്റ് സർവകലാശാല ഫസ്റ്റ് സ്റ്റാറ്റ്യൂട്ട്, 1977ലെ വ്യവസ്ഥകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തിൽ നിരവധി പരാതികൾ ചാൻസലറുടെ ഓഫിസിൽ ലഭിച്ചതിനെ തുടർന്ന് സർവകലാശാലയോട് റിപ്പോർട്ട് തേടുകയും വിശദമായ പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് നടപടിയിലേക്കു കടന്നത്. ശ്രീകല മുല്ലശ്ശേരി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ വൈസ് ചാൻസലർ, സർവിസ് നിയമങ്ങളനുസരിച്ച് ശിക്ഷാനടപടി ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രവും ആരോപണപത്രവും നൽകാൻ ഉത്തരവിടുകയായിരുന്നു.
കുറ്റപത്രം ലഭിച്ച് 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ വ്യക്തിപരമായി വാദം കേൾക്കുന്നതിനും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനും അവസരം ഉണ്ടാകുമെന്നും സർവകലാശാല അറിയിച്ചു. അതേസമയം, ശ്രീകലയുടെ നടപടി ന്യായീകരിച്ച് സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഡിസംബർ 31ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം ചർച്ചയാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.