തിരുവനന്തപുരം: 16ാം കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് തുടങ്ങി. യു.ഡി.എഫിൽനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽ.ഡി.എഫിൽനിന്ന് എ.സി മൊയ്തീനുമാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മൂന്നംഗങ്ങളുള്ള ബി.ജെ.പിയും മത്സരിക്കുന്നുണ്ട്.
ബി.ബി. ഗോപകുമാറാണ് സ്ഥാനാർഥി. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് സ്ഥാനാർഥികൾ മത്സരിക്കുന്നത്. സഭയിൽ 102 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. എൽ.ഡി.എഫിന് 35ഉം എൻ.ഡി.എക്ക് മൂന്നും അംഗങ്ങളാണുള്ളത്. പ്രോ ടെം സ്പീക്കർ ജി. സുധാകരനാണ് സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നത്.
രഹസ്യബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ്. എല്ലാ അംഗങ്ങളും വോട്ടുചെയ്തുകഴിഞ്ഞാൽ മൂന്ന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും പ്രോ ടെം സ്പീക്കറുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ടയാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കും. പ്രോ ടെം സ്പീക്കറുടെ ചുമതല ഇതോടെ അവസാനിക്കും.
ഇതോടെ വെള്ളിയാഴ്ചയിലെ സഭാസമ്മേളന നടപടികൾ അവസാനിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിനായി 29നാണ് സഭ ഇനി ചേരുക. ജൂൺ രണ്ടിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. യു.ഡി.എഫിൽ നിന്ന് ഷാനിമോൾ ഉസ്മാനാണ് മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.